print edition ഉത്തരാഖണ്ഡിലെ തൊഴിലാളി പ്രക്ഷോഭം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിഐടിയു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി സിഐടിയു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്ദംസിങ് നഗർ ജില്ലയിലെ രുദ്രപ്പുരിലുള്ള വി ഗാർഡ് കന്പനി തൊഴിലാളികൾക്ക് പിന്തുണയുമായാണ് സിഐടിയു രംഗത്തെത്തിയത്.
അതിനിടെ, അന്യായമായി കസ്റ്റഡിയിലെടുത്തിരുന്ന വനിതാ തൊഴിലാളികളെ പൊലീസ് മോചിപ്പിച്ചു. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച കലക്‌ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഇവരെ മോചിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. സിഐടിയുവിന്റെ ഇടപെടലിനെ തൊഴിലാളികൾ സ്വാഗതംചെയ്തു. മറ്റൊരു ട്രേഡ് യൂണിയനും വിഷയത്തിൽ ഇടപെട്ടിട്ടില്ല.
വി ഗാർഡ് തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ പ്രവർത്തനം ശക്തമാക്കാനുള്ളപ്രവർത്തനങ്ങൾക്കും സിഐടിയു തുടങ്ങി. ‘‘മൂന്ന് വർഷം കൂടുന്പോൾ തൊഴിലാളികളുടെ വേതന പരിഷ്‌കരത്തിനുള്ള നടപടികൾ സർക്കാർ തുടങ്ങേണ്ടതുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ നടപടി പൂർത്തിയാക്കി പരിഷ്‌കരിച്ച വേതനം നൽകണം. ട്രേഡ് യൂണിയൻ ഭാരവാഹികളുമായി ചർച്ച ചെയ്താണ് ഇത് പൂർത്തീകരിക്കേണ്ടത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഷങ്ങളായി ഇൗ പ്രവർത്തനം നടക്കുന്നില്ല. തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ തൊഴിലെടുപ്പിക്കുന്നു എന്നത് ഗുരുതര പ്രശ്‌നമാണ്.
തൊഴിലാളികൾ ചെയ്യുന്നത് സ്ഥിരം ജോലിയാണ് എന്നത് പരിഗണിക്കാതെയാണ് കുറഞ്ഞ കൂലി കൊടുത്തുള്ള ചൂഷണം. ലേബർ കോഡുകൾ സൃഷ്ടിച്ച അസ്വസ്ഥതയാണ് ഇപ്പോൾ രാജ്യതലസ്ഥാന മേഖലയിലും ഉത്തരാഖണ്ഡിലുമൊക്കെയുണ്ടായ പ്രക്ഷോഭങ്ങൾക്ക് കാരണം. തൊഴിലാളികൾക്ക് എല്ലാപിന്തുണയും സിഐടിയു നൽകും’’– എളമരം കരീം ദേശാഭിമാനിയോട് പറഞ്ഞു.











0 comments