ad
Deshabhimani

പിന്നോട്ടില്ല, പ്രധാനമന്ത്രിയുടേത് വെറും വാക്കുകൾ; മന്ത്രിയെ പുറത്താക്കുന്നതുവരെ സമരമെന്ന് വിദ്യാര്‍ഥികൾ

cjp 23
വെബ് ഡെസ്ക്

Published on Jul 23, 2026, 12:36 PM | 2 min read

ന്യൂഡൽഹി: മത്സരപരീക്ഷകളിലെ പേപ്പർ ചോർച്ചയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ ഉത്തരാവാദിത്തത്തെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്ന് പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളും യുവജനങ്ങളും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്രയും പെട്ടെന്ന് രാജി വെക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവര്‍ത്തിച്ചു. അതുവരെ സമരം തുടരും.


പേപ്പർ ചോർച്ച കേസിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിലും കടുത്തതുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് വ്യാഴാഴ്ച രാവിലെ എക്സിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം വന്നത്. "നമ്മുടെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറമായി ഒന്നുമില്ല" എന്ന് പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവിയും ജീവിതവും തുലച്ച ഗുരുതരമായ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏക ഔദ്യോഗിക പ്രതികരണമാണ്. പക്ഷേ വെറും വാക്കുകളിൽ വീഴില്ലെന്ന് വിദ്യാര്‍ഥികളും യുവജനങ്ങളും നിലപാട് കടുപ്പിച്ചു. സമരത്തിൽ നിന്നും പിന്തിരിയില്ലെന്ന് ദൃഡനിശ്ചയം ചെയ്താണ് മുന്നോട്ട് പോകുന്നത്.


പരിഹാസവുമായി സമര നേതാക്കൾ


പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച് സിജെപി സ്ഥാപകൻ അഭിജിത്ത് ദിപ്കെ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ ചിത്രത്തോടൊപ്പം "ഹായ്, എന്റെ പേര് നത്തിങ് എന്നാണ്" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് പങ്കുവെച്ചു. പാർട്ടി ഔദ്യോഗിക പേജിലൂടെ "ധർമേന്ദ്ര പ്രധാൻ രാജി വെക്കുക" എന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.


പ്രധാനമന്ത്രി അവസാനം പ്രതികരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഒന്നര മാസത്തോളം നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഈ മറുപടി വന്നതെന്ന് സിജെപി ദേശീയ വക്താവ് അശുതോഷ് റാങ്ക ചൂണ്ടികാട്ടി.


"ഒന്നര മാസത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഇത് ശ്രദ്ധിച്ചു എന്നത് നല്ല കാര്യം. ഒരുപക്ഷേ അദ്ദേഹത്തിന്റെ വിദേശ പര്യടനങ്ങൾ പൂർത്തിയായി ഇന്ത്യയിൽ തിരിച്ചെത്തിയതാകാം, അത് സ്വാഗതാർഹമാണ്. എന്നാൽ പേപ്പർ ചോർച്ച നടന്നതിന് ശേഷം ശിക്ഷ നൽകുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. എന്തുകൊണ്ടാണ് പരീക്ഷാ പേപ്പർ ചോർച്ചകൾ ഉണ്ടാകുന്നത് എന്നതിനാണ് ഉത്തരം ലഭിക്കേണ്ടത്." അശുതോഷ് റാങ്ക


മുറിവേറ്റ ശേഷം മരുന്ന് പുരട്ടുന്നതിനേക്കാൾ പ്രധാനം മുറിവേൽക്കാതെ നോക്കുകയാണെന്നും, നിലവിലെ സംവിധാനം നടത്തുന്നവർക്ക് ഉത്തരവാദിത്തമോ കാര്യക്ഷമതയോ ഇല്ലാത്തതിനാലാണ് വീണ്ടും വീണ്ടും അപകാതകൾ സംഭവിക്കുന്നതെന്നും ഓര്‍മ്മപ്പെടുത്തി.


വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ തിരിയുന്ന സാഹചര്യമാണ്. ജനം നേരിട്ട് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണ്. ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ സമരരംഗത്ത് നിന്ന് പിന്മാറില്ലെന്നും പ്രക്ഷോഭകർ ആവര്‍ത്തിച്ച് വ്യക്തമാക്കി.


ജൂൺ 20 മുതൽ തുടരുന്ന സമരം


മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്നിവ ഉന്നയിച്ച് ജൂൺ 20-നാണ് സമരം ആരംഭിച്ചത്. ജൂൺ 28-ന് സമരത്തിൽ പങ്കുചേരുകയും അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിയിലാണ്. സമാധാനപരമായി പ്രതിഷേധിച്ച സമരക്കാർക്കെതിരെ എഫ്ഐആറോ ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയാൽ ഉപവാസം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.


സായുധ സേനകളെയും വ്യാജ സേനാംഗങ്ങളെയും ഉപയോഗിച്ചും മര്‍ദ്ദനവും സമ്മര്‍ദ്ദ തന്ത്രങ്ങളും പ്രയോഗിച്ചും പ്രക്ഷോഭകരെ തളര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനിടെ വ്യാജ പ്രചാരണങ്ങളും കൊഴുപ്പിക്കുന്നു. എന്നാൽ യുവജനങ്ങൾ ഇത്തരം പ്രചാരണങ്ങളെ തത്സമയം പൊളിച്ചടുക്കുന്ന കാഴ്ചയാണ്. ഇപ്പോൾ, വിദേശ ഫണ്ടിങ് ആരോപിച്ചും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടും ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജിയുമായി സംഘപരിവാര്‍ എത്തി. കേന്ദ്ര സര്‍ക്കാരിന്റെ പതിവ് രീതിയിൽ രാജ്യദ്രോഹം ഭീകര പ്രവര്‍ത്തനം പാക് ബന്ധം തുടങ്ങിയ കുറ്റങ്ങൾ ഉയര്‍ത്തി കുരുക്കാനാണ് നീക്കം. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യത്തെ കാണാതെ രാഷ്ട്രീയമായി നേരിടാനാണ് ശ്രമം. എന്നാൽ പരീക്ഷകളിലെ തുടരുന്ന വീഴ്ചയും ഈ രംഗത്തെ അഴിമതി വ്യാപനവും പരസ്യപ്പെട്ടത് പ്രതിരോധിക്കാൻ കഴിയാതെ തുടരുന്നു. എൻടിഎ എന്ന ഏകീകൃത പരീക്ഷാ ഏജൻസി രൂപീകരിച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടു. എന്നിട്ടും ഒറ്റ സ്ഥിര ജീവനക്കാരെ പോലും നിയമിക്കാൻ കഴിഞ്ഞിട്ടില്ല. ഡെപ്യൂട്ടേഷനിൽ എത്തുന്നവരുടെ വിശ്രമ സ്ഥലമാക്കി മാറ്റി. ഇക്കഴിഞ്ഞ വര്‍ഷം മാത്രം നടത്തിയ പതിനാല് പരീക്ഷകളിൽ പകുതിയിലും വീഴ്ച വരുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home