സ്കൂളില്‍ പോകാന്‍ നിന്ന എട്ടുവയസുകാരന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്: കുത്തിയെടുത്ത് എറിഞ്ഞു

മറയൂർ: ഇടുക്കി മറയൂരിന് സമീപം ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് എട്ടുവയസുകാരനെ ആക്രമിച്ചു. രാവിലെ സ്കൂളിലേയ്ക്ക് പോകാനായി വാഹനം കാത്തുനിന്ന പള്ളനാട് സ്വദേശിയായ കാർത്തികിനാണ് അപ്രതീക്ഷിതമായ ആക്രമണത്തിൽ പരിക്കേറ്റത്. ഓടിയെത്തിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്ത് എറിയുകയായിരുന്നുവെന്ന് കണ്ടു നിന്നവർ പറയുന്നു.
സംഭവത്തിന് പിന്നാലെ കാട്ടുപോത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനവാസ മേഖലയിലൂടെ ഓടിമറയുകയും ചെയ്തു. കുട്ടിയെ ആക്രമിച്ച ശേഷം ഓടിയ കാട്ടുപോത്ത് വഴിയിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും തകർത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാർത്തികിനെ ആദ്യം മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്ക് ഗൗരവമുള്ളതായതിനാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ചു. മേഖലയിൽ നിരന്തരം ഭീതി പരത്തുന്ന കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുമ്പും പ്രദേശത്ത് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും, അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നിലവിൽ കാട്ടുപോത്ത് വനത്തിലേയ്ക്ക് കയറി പോയതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.










0 comments