ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല: പൊലീസ് അതിക്രമത്തിനെതിരെ ഭാവന

കൊച്ചി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് നടി ഭാവന. “ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല” എന്ന് ഭാവന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങളും പ്രതിഷേധക്കാരെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോയും ഭാവന പങ്കുവച്ചു. വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണം ഹൃദയം തകർക്കുന്നതാണെന്നും അവർ പറഞ്ഞു.
“ചരിത്രം യുവാക്കളെ ഓർക്കുന്നത് അവരുടെ മൗനത്തിന്റെ പേരിലല്ല, ധൈര്യത്തിന്റെ പേരിലാണ്. ലോകത്തെ മാറ്റിമറിച്ച എല്ലാ തലമുറകളുടെയും തുടക്കം അനീതിക്കുനേരെ കണ്ണടയ്ക്കാൻ വിസമ്മതിച്ച വിദ്യാർഥികളിൽനിന്നാണ്. അനീതിക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തിനുമൊപ്പം നിൽക്കുന്നു” എന്ന നടി രമ്യ നമ്പീശന്റെ കുറിപ്പും ഭാവന പങ്കുവച്ചു.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച, പരീക്ഷാക്രമക്കേടുകൾ, സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാകതകൾ എന്നിവയ്ക്കെതിരെയാണ് ജന്തർ മന്തറിൽ വിദ്യാർഥി–യുവജന പ്രക്ഷോഭം തുടരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയവർക്കുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു.
ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, ദുൽഖർ സൽമാൻ, ആസിഫ് അലി തുടങ്ങിയ മലയാള താരങ്ങളും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.









0 comments