ad
Deshabhimani

വിദ്യാർഥിസമരത്തിന് നേരെയുള്ള പൊലീസ്‌ അതിക്രമം: സുപ്രീംകോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധസംഗമം

Supreme Court of India.jpg
വെബ് ഡെസ്ക്

Published on Jul 23, 2026, 12:59 PM | 1 min read

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനുനേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ലോണിൽ അഭിഭാഷകർ ഒത്തുകൂടി ഭരണഘടനയുടെ ആമുഖം വായിക്കുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.


വ്യാഴാഴ്ച ഉച്ചയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് മുദ്രാവാക്യങ്ങൾ വിളിക്കാതെ ചടങ്ങിൽ പങ്കെടുക്കാൻ അഭിഭാഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ തന്നെ സുപ്രീംകോടതിയിലെ അഭിഭാഷക ഗ്രൂപ്പുകളിൽ 'സംവിധാനം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന സന്ദേശം പ്രചരിക്കുന്നുണ്ട്.


സിജെപി മാർച്ചിനുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തെ സുപ്രീംകോടതി ബാർ അസോസിയേഷനും മറ്റ് അഭിഭാഷക സംഘടനകളും ശക്തമായി അപലപിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും നേരെ അമിതമായ ബലപ്രയോഗം ഉണ്ടായെന്നും ഇത് ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.


സംഭവത്തിൽ ഉടനടി നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 650-ലധികം അഭിഭാഷകരാണ് പൊലീസ് നടപടിയെ അപലചിച്ച് ബുധനാഴ്ച പ്രസ്താവനയിറക്കിയത്. അതിനിടെ, പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചു.


വീഡിയോ തെളിവുകൾ പരിശോധിക്കാൻ തയ്യാറാകാത്ത ചീഫ് ജസ്റ്റിസ്, ഞങ്ങളുടെ സമയം പാഴാക്കരുത് എന്ന് ഹർജിക്കാരനോട് വ്യക്തമാക്കുകയാണുണ്ടായത്. സമരവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയും നേരത്തെ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home