print edition വനിതാ സംവരണം വേഗം നടപ്പാക്കണം; വനിതാ സംഘടനകൾ


സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : ലോക്‌സഭ, നിയമസഭ സീറ്റുകളിൽ എത്രയും പെട്ടെന്ന് വനിതാസംവരണം നടപ്പാക്കണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടു. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം ലോക്‌സഭയിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. രാഷ്‌ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപാധിയായി ബിജെപി സർക്കാർ വനിതാ സംവരണത്തെ ഉപയോഗിച്ചു. സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയുമായി വനിതാ സംവരണത്തെ ബന്ധിപ്പിച്ചത് ഗുരുതര ആശങ്കയുണർത്തുന്നു.
കേന്ദ്രസർക്കാർ നടപടി വനിതാ സംവരണം വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. 33 ശതമാനം സീറ്റിൽ സംവരണം നടപ്പാക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റേതാണ്. 2023ൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെ പാസാക്കിയ വനിതാ സംവരണ നിയമം കാലതാസമില്ലാതെ നടപ്പാക്കണം. വനിതാ സംവരണത്തിനായുള്ള പോരാട്ടത്തിൽ അണിചേരാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ ശക്തികളോടും ആഹ്വാനം ചെയ്യുന്നുവെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, എഐപിഡബ്ല്യുഎ, എൻഎഫ്‌ഐഡബ്ല്യു തുടങ്ങിയ സംഘടനകൾ പ്രസ്‍താവനയിൽ പറഞ്ഞു.










0 comments