print edition വനിതാസംവരണത്തിന് ഭരണഘടനാ ഭേദഗതി ജനാധിപത്യവിരുദ്ധം: സിപിഐ എം

ന്യൂഡൽഹി: വനിതാസംവരണ നിയമവുമായി ബന്ധപ്പെട്ട 131–ാം ഭരണഘടനാഭേദഗതി ബില്ലിനെ ലോക്‌സഭയിൽ ശക്തമായി എതിർത്ത് സിപിഐ എം. ഭരണഘടനാഭേദഗതികൾ ഫെഡറലിസം, ജനാധിപത്യം, സാമൂഹ്യനീതി എന്നിവയിൽ അധിഷ്‌ഠിതമായിരിക്കണമെന്ന് ലോക്‌സഭാ കക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാണിച്ചു. ഇൗ ബില്ലിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ അതെല്ലാം അട്ടിമറിച്ചു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും കൂടിയാലോചിക്കാതെയാണ് ബിൽ കൊണ്ടുവന്നത്.
ഇത് സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയ്‌ക്ക് വിരുദ്ധമാണ്. 2023 സെപ്‌തംബർ 28ന് പാസാക്കിയ വനിതാസംവരണ നിയമം സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം നടപ്പാക്കുമെന്നാണ് സർക്കാർ ഉറപ്പുനൽകിയത്. എന്നാൽ, ഇതുവരെ സെൻസസ് ആരംഭിച്ചിട്ടില്ല. മുൻവാഗ്‌ദാനം ലംഘിച്ച് പുതിയ ഭേദഗതിയുമായി സർക്കാർ രംഗത്തെത്തിയത് ദുരൂഹമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്‌ട്രീയനാടകമാണ് പുതിയ ബിൽ. ജനാധിപത്യപരിഷ്‌കരണങ്ങളേക്കാൾ രാഷ്‌ട്രീയനേട്ടങ്ങൾക്കാണ് സർക്കാരിന്റെ മുൻഗണന.
സംസ്ഥാനങ്ങളുടെ അധികാരം കവരാനും എല്ലാ അധികാരങ്ങളും കേന്ദ്രസർക്കാരിൽ നിക്ഷിപ്‌തമാക്കാനുമുള്ള ഗൂഢനീക്കമാണിത്. ഇത്തരം നിർണായകമായ ഭേദഗതികൾ വിശദ ചർച്ചകളില്ലാതെ ധൃതിയിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ അവകാശങ്ങളെയും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെയും ദുർബലപ്പെടുത്തുന്ന ബിൽ സർക്കാർ അടിയന്തരമായി പിൻവലിക്കണം. പുതിയ ഭേദഗതികൾ കൊണ്ടുവരുംമുന്പ് സെൻസസ് നടപടികൾ പൂർത്തിയാക്കണം. ഭരണഘടനാവിരുദ്ധമായ നീക്കങ്ങളെ പാർലമെന്റിന് അകത്തും പുറത്തും നേരിടും –അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments