ad
Deshabhimani

print edition വനിതാസംവരണ ഭേദഗതി: രാഷ്ട്രീയ അജൻഡ 
ചോദ്യംചെയ്‌ത്‌ പ്രതിപക്ഷം

Narendra Modi

നരേന്ദ്രമോദി , ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 14, 2026, 12:16 AM | 1 min read

ന്യൂഡൽഹി : പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കത്തിൽ പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർത്ത്‌ വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണെന്ന വിമർശം ശക്തമാക്കി പ്രതിപക്ഷം. ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക്‌ മൂന്നിൽ ഒന്ന്‌ സംവരണം ഉറപ്പാക്കുന്നതിനോട്‌ പ്രതിപക്ഷകക്ഷികളിൽ ആർക്കും വിയോജിപ്പില്ല. 2023ൽ വനിതാസംവരണ നിയമം പാസാക്കിയപ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്തുണച്ചിരുന്നു.

2027ലെ സെൻസസുമായും തുടർന്നുള്ള മണ്ഡല പുനർനിർണയവുമായും ബന്ധിപ്പിച്ച്‌ വനിതാസംവരണം നടപ്പാക്കുന്നത്‌ വർഷങ്ങളോളം വൈകിപ്പിക്കുന്നത്‌ എന്തിനാണെന്നും പ്രതിപക്ഷം അന്ന്‌ മോദി സർക്കാരിനോട്‌ ചോദിച്ചിരുന്നു. എന്നാൽ, മറുപിടയുണ്ടായില്ല. മൂന്നുവർഷങ്ങൾക്ക്‌ ശേഷം വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ സർക്കാർ വനിതാസംവരണം പൊടിതട്ടിയെടുത്തു. 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനഃനിർണയം നടത്തി പാർലമെന്റിലെയും നിയമസഭകളിലെയും സീറ്റുകൾ വർധിപ്പിച്ച്‌ 2029 തെരഞ്ഞെടുപ്പിൽ വനിതാസംവരണം നടപ്പാക്കാനുള്ള പുതിയ പദ്ധതിക്ക്‌ രൂപം കൊടുത്തു. ഇതിന്‌ ആവശ്യമായ ഭേദഗതികളാണ്‌ 16ന്‌ ചേരുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരുന്നത്‌.


സംസ്ഥാനസർക്കാരുകളുമായും പ്രതിപക്ഷവുമായും ക‍ൂടിആലോചന നടത്താതെയുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ്‌ വിമർശം. ബുധനാഴ്‌ച് പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്ന്‌ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾക്ക്‌ രൂപം കൊടുക്കും. അതേസമയം, വനിതാസംവരണം നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിന്‌ ആത്മാർഥതയില്ലെന്ന പ്രചരണം ശക്തമാക്കാനാണ്‌ പ്രധാനമന്ത്രിയും ബിജെപിയും പരിശ്രമിക്കുന്നത്‌.


നാരീശക്തി സമ്മേളനം


​വനിതാസംവരണ നിയമഭേദഗതികൾ പാർലമെന്റിൽ കൊണ്ടുവരുന്നതിന്‌ മുന്നോടിയായി ഡൽഹിയിൽ ‘നാരി ശക്തി വന്ദൻ സമ്മേളനം’ സംഘടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്‌ത്രീകളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന്‌ 16,17, 18 തിയതികളിൽ വിരാമം കുറിക്കുമെന്ന്‌ മോദി പറഞ്ഞു. 



അതേസമയം, വനിതാസംവരണമല്ല മണ്ഡല പുനർനിർണയമാണ്‌ കേന്ദ്രസർക്കാരിന്റെ യഥാർഥ അജൻഡയെന്ന്‌ കോൺഗ്രസ്‌ പാർലമെന്ററി പാർടി ചെയർപേഴ്സൺ സോണിയാഗാന്ധി ദേശീയദിനപത്രത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ മണ്ഡല പുനർനിർണയ പദ്ധതി അത്യന്തം അപകടകരവും ഭരണഘടനയ്‌ക്ക്‌ നേരെയുള്ള കടന്നാക്രമണമാണെന്നും സോണിയ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home