ad
Deshabhimani

സ്ത്രീസുരക്ഷയ്ക്ക് മുൻ​ഗണന; യുപി, ബിഹാർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ പുരുഷന്മാർക്ക് വിലക്കേര്‍പ്പെടുത്തി കമ്പനി

job ban men
വെബ് ഡെസ്ക്

Published on Sep 26, 2026, 09:35 AM | 1 min read

ബംഗളൂരു: ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷന്മാരെ ഇനി കമ്പനിയിൽ നിയമിക്കില്ലെന്ന പ്രഖ്യാപനവുമായി ബെംഗളൂരു ആസ്ഥാനമായ എ1 സ്പോർട്സ് വേൾഡ്. കമ്പനിയുടെ സിഇഒ കാർത്തിക് എസ് ജിയാണ് സമൂഹമാധ്യമത്തിലൂടെ പുതിയ നിയമനനയം പ്രഖ്യാപിച്ചത്. തീരുമാനം വിവാദമായെങ്കിലും നിലപാട് മാറ്റില്ലെന്നാണ് കാർത്തിക് വ്യക്തമാക്കിയത്.


രണ്ടാഴ്ച മുമ്പ് കമ്പനിയിലെ ഒരു ജീവനക്കാരനുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് തീരുമാനത്തിന് പിന്നിലെന്ന് കാർത്തിക് പറഞ്ഞു. നാല് സംസ്ഥാനങ്ങളിൽ ഒന്നിൽ നിന്നുള്ള മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ഒരാളോട് ബലമായി അടുക്കാൻ ശ്രമിച്ചെന്നുമാണ് കാർത്തിക്കിന്റെ ആരോപണം. മുന്നറിയിപ്പുകൾ നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് ഇയാളെ പിരിച്ചുവിട്ടെന്നും അദ്ദേഹം പറഞ്ഞു.


കുട്ടികളുമായി നേരിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ജീവനക്കാരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് കാർത്തിക് വ്യക്തമാക്കി. 32 ജീവനക്കാരുള്ള കമ്പനിയില്‍ 14 പേർ സ്ത്രീകളാണ്. 20ഓളം ജീവനക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.


നാല് സംസ്ഥാനങ്ങളെ മാത്രം ഒഴിവാക്കുന്നത് വിവേചനപരമാണെന്ന വിമർശനത്തോട് പ്രതികരിച്ച കാർത്തിക്, തീരുമാനം ‘വംശീയമല്ല, പ്രാദേശിക പക്ഷപാതമാണ്’ എന്നാണ് പറഞ്ഞത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ചൂണ്ടിക്കാട്ടിയാണ് നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷന്മാരെ വിശ്വസിക്കാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹം ന്യായീകരിച്ചത്.


പുതിയ നയം സ്ത്രീ ജീവനക്കാരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കാർത്തിക് അവകാശപ്പെട്ടു. നിയമനത്തിന് മുമ്പ് ഉദ്യോഗാർഥികളുടെ സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനം പരിശോധിക്കാൻ മനഃശാസ്ത്രപരമായ പരിശോധനകൾ കൊണ്ടുവരുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്.


സമൂഹമാധ്യമ പോസ്റ്റിലെ ഭാഷയ്ക്ക് മാപ്പ് പറയാൻ തയ്യാറാണെങ്കിലും നാല് സംസ്ഥാനങ്ങളിലെ പുരുഷന്മാർക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ നയം പിൻവലിക്കില്ലെന്നാണ് കാർത്തിക്കിന്റെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home