ad
Deshabhimani

സ്ത്രീകൾ കരിയർ ത്യാ​ഗം ചെയ്യണമെന്ന ചിന്ത കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി; കീഴ്ക്കോടതികൾക്ക് രൂക്ഷവിമർശനം

Woman Supreme Court
വെബ് ഡെസ്ക്

Published on May 13, 2026, 04:47 PM | 2 min read

ന്യൂഡൽഹി: വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ തന്റെ കരിയർ തുടരാൻ തീരുമാനിക്കുന്നതും കുട്ടിക്കായി സുരക്ഷിതവും സുസ്ഥിരവുമായ സാഹചര്യം ഉറപ്പാക്കുന്നതും "ക്രൂരത" എന്നോ "ഉപേക്ഷിച്ചുപോകൽ" എന്നോ വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ശാസ്ത്രജ്ഞയായ ഒരു സ്ത്രീ തന്റെ തൊഴിൽ തുടരുന്നത് ക്രൂരതയാണെന്ന് കണ്ടെത്തിയ ഗുജറാത്തിലെ കുടുംബ കോടതിയുടെ നിലപാട് നാടുവാഴിത്തപരവും പിന്തിരിപ്പനും ആണെന്ന് കോടതി നിരീക്ഷിച്ചു.


ഗുജറാത്ത് ഹൈക്കോടതിയും ഈ വിധി ശരിവെച്ചിരുന്നു എന്നത് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സമൂഹം അഭിമാനത്തോടെ സംസാരിക്കുന്ന ഈ കാലഘട്ടത്തിൽ, കരിയർ ലക്ഷ്യങ്ങൾ പിന്തുടരുന്ന ഭാര്യയുടെ പരിശ്രമങ്ങളെ ക്രൂരതയായി മുദ്രകുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.


"സ്ത്രീ തന്റെ ആഗ്രഹങ്ങളോ കുട്ടിയുടെ ക്ഷേമമോ കണക്കിലെടുക്കാതെ കരിയർ ത്യാഗം ചെയ്യണമെന്നും അനുസരണയുള്ള ഭാര്യ എന്ന പരമ്പരാഗത സങ്കൽപ്പങ്ങൾക്കനുസരിച്ച് ജീവിക്കണമെന്നുമുള്ള പ്രതീക്ഷ കാലഹരണപ്പെട്ടതാണ്. സ്ത്രീകൾ വിവിധ പ്രൊഫഷണൽ മേഖലകളിൽ മുന്നിൽ നിന്ന് നയിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം ചിന്താഗതികൾ അംഗീകരിക്കാനാവില്ല."- ബെഞ്ച് വ്യക്തമാക്കി.


ഒത്തുതീർപ്പിന് സാധ്യതയില്ലെന്ന സ്ത്രീയുടെ നിലപാട് കോടതി കണക്കിലെടുത്തുകൊണ്ട് വിവാഹമോചനം കോടതി ശരിവെച്ചു. ഭാര്യയുടെ പ്രൊഫഷണൽ ഐഡന്റിറ്റി ഭർത്താവിന്റെ അംഗീകാരത്തിന് വിധേയമാണെന്ന കാലഹരണപ്പെട്ട സാമൂഹിക സങ്കൽപ്പങ്ങളാണ് കീഴ്ക്കോടതികളുടെ സമീപനത്തിന് പിന്നിലെന്ന് കോടതി പറഞ്ഞു.


സ്ത്രീക്കെതിരെ കുടുംബ കോടതി നടത്തിയ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. കീഴ്ക്കോടതികളുടെ സമീപനം നിയമപരമായി നിലനിൽക്കില്ലെന്ന് മാത്രമല്ല, അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയോ സ്വത്വത്തെയോ ഇല്ലാതാക്കുന്നില്ലെന്നും, പങ്കാളിയുടെ ആഗ്രഹങ്ങളെ പരസ്പരം ബഹുമാനിച്ചാണ് വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.


കേസിന്റെ പശ്ചാത്തലം


ഒരു ഡെന്റിസ്റ്റും ഇന്ത്യൻ സൈന്യത്തിലെ ലഫ്റ്റനന്റ് കേണലുമായ ഭർത്താവും തമ്മിലുള്ള തർക്കമാണ് കേസിനാസ്പദം. 2009ൽ വിവാഹിതരായ ഇവർ ആദ്യം കാർഗിലിലായിരുന്നു താമസം. എന്നാൽ ഗർഭാവസ്ഥയിലും പിന്നീട് മകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും വിദഗ്ധ ചികിത്സയ്ക്കായി ഭാര്യ അഹമ്മദാബാദിലേക്ക് മാറി. അവിടെ അവർ ഒരു ഡെന്റൽ ക്ലിനിക്കും ആരംഭിച്ചു. എന്നാൽ ഭർത്താവ് എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ താമസിക്കുക എന്നത് ഭാര്യയുടെ കടമയാണെന്നും, കരിയറിന് മുൻഗണന നൽകിയത് ക്രൂരതയാണെന്നും നിരീക്ഷിച്ചാണ് കുടുംബ കോടതി നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home