ad
Deshabhimani

print edition തോറ്റിട്ടും നുണ; ബിജെപിയുടെ മണ്ഡല പുനർനിർണയ നീക്കം പാളി

MODI
വെബ് ഡെസ്ക്

Published on Apr 19, 2026, 12:30 AM | 1 min read

ന്യൂഡൽഹി: വനിതാ സംവരണം മറയാക്കി മണ്ഡല പുനർനിർണയം നടത്തി രാഷ്‌ട്രീയനേട്ടം കൊയ്യാമെന്ന ഗൂഢനീക്കത്തെ പാർലമെന്റിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചതിന്റെ ഞെട്ടലിൽ ബിജെപി. പ്രതിപക്ഷ നിരയെ ഭിന്നിച്ച്‌ ഭരണഘടനാ ഭേദഗതി പാസാക്കാമെന്ന പ്രതീക്ഷയാണ്‌ ലോക്‌സഭയിൽ പൊലിഞ്ഞത്‌. 2014ന്‌ ശേഷം ആദ്യമായി ഒരു നിയമനിർമാണശ്രമം പാർലമെന്റിൽ പരാജയപ്പെട്ടതിന്റെ ജാള്യത്തിലാണ്‌ സർക്കാർ.


ശനിയാഴ്‌ച രാത്രി രാജ്യത്തെ അഭിസംബോധനചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചുവെന്ന ബാലിശ വാദമാണുയർത്തിയത്‌. എന്നാൽ സംവരണത്തെ എന്തിന്‌ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചെന്ന്‌ പ്രധാനമന്ത്രി വിശദീകരിച്ചില്ല. 2023ൽ പാർലമെന്റ്‌ ഏകകണ്‌ഠമായി വനിതാസംവരണ ബിൽ പാസാക്കിയതാണെന്ന വസ്‌തുതയും മറച്ചുപിടിച്ചു.


എസ്‌ഐആർ, പ‍ൗരത്വ നിയമ ഭേദഗതി, വഖ-ഫ്‌ ഭേദഗതി തുടങ്ങിയ വിഷയങ്ങൾ ആവർത്തിച്ച മോദി ധ്രുവീകരണ പാതയിൽ തന്നെയാണ്‌ ബിജെപിയെന്ന്‌ വ്യക്തമാക്കി.


പാർലമെന്റിൽ സർക്കാരിന്റെ ആദ്യ തോൽവിയെന്നാണ്‌ രാജ്യത്തെ പ്രധാന ദിനപത്രങ്ങളെല്ലാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരാജയത്തെ വിശേഷിപ്പിച്ചത്‌. പ്രതിപക്ഷവുമായി കൂടിയാലോചന നടത്താതെ, തോൽവി ഉറപ്പായ ബിൽ എന്തിന്‌ കൊണ്ടുവന്നുവെന്ന ചോദ്യം ബിജെപിയിലും ശക്തം. അനാവശ്യ നീക്കമെന്ന വിമർശം സംഘപരിവാറിൽ ഉയർന്നതോടെയാണ്‌ രാജ്യത്തെ അഭിസംബോധനചെയ്‌ത്‌ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ മോദി–അമിത്‌ ഷാ കൂട്ടുകെട്ട്‌ തീരുമാനിച്ചത്‌.


മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെതിരായ നീക്കമാണെന്ന വിമർശത്തെ പ്രതിരോധിക്കാനും ബിജെപിക്കായില്ല. തമിഴ്‌നാട്‌ തെരഞ്ഞെടുപ്പിൽ ഇത്‌ തിരിച്ചടിക്കും.

എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ്‌ കൂട്ടുമെന്ന്‌ ലോക്‌സഭയിലെ ചർച്ചയ്‌ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ അവകാശപ്പെട്ടിരുന്നു.


എന്നാൽ ബില്ലിൽ എന്തുകൊണ്ട്‌ ഇ‍ൗ സുപ്രധാന വ്യവസ്ഥ ഉൾപ്പെടുത്തിയില്ലെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. പ്രതിപക്ഷം കൂട്ടായി വനിതാസംവരണത്തെ അട്ടിമറിച്ചുവെന്ന പ്രതീതി സൃഷ്‌ടിച്ച്‌ ബംഗാളിലെങ്കിലും നേട്ടമുണ്ടാക്കാനുള്ള ദുർബല ശ്രമത്തിലാണിപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home