ad
Deshabhimani

print edition ജനാധിപത്യ പ്രക്രിയകൾ പാലിക്കണം: വനിതാ സംഘടനകൾ

Women
വെബ് ഡെസ്ക്

Published on Apr 17, 2026, 02:04 AM | 1 min read

ന്യൂഡൽഹി: ജനാധിപത്യ പ്രക്രിയകൾ പാലിക്കാതെ ധൃതിയിൽ അവതരിപ്പിച്ച വനിതാ സംവരണവുമായി ബന്ധപ്പെട്ട 131–ാം ഭരണഘടനാ ഭേദഗതി ബില്ലിനെ എതിർത്ത്‌ ദേശീയ വനിതാ സംഘടനകൾ. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം ബില്ലുകൾ വനിതാ സംഘടനകൾ, രാഷ്‌ട്രീയ പാർടികൾ ഉൾപ്പെടെയുള്ളവരുമായി ചേർന്ന്‌ കൂടിയാലോചിക്കാതെ പാസാക്കരുതെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, എൻഎഫ്‌ഐഡബ്ല്യു, എഐപിഡബ്ല്യുഎ എന്നിവ ആവശ്യപ്പെട്ടു.


കൂടിയാലോചനകളുടെ അഭാവം ജനാധിപത്യത്തെ ദുർബലമാക്കും. വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള മുന്നുപാധിയായി സീറ്റ്‌ വർധിപ്പിക്കണമെന്ന നിർദേശം അംഗീകരിക്കില്ല. സീറ്റുകളുടെ പുനർനിർണയത്തെപ്പറ്റി വ്യക്തതയില്ല. വനിതാപ്രാതിനിധ്യം വൈകിപ്പിക്കുന്നതിനുള്ള തന്ത്രം കൂടിയായി ഇ‍ൗ നീക്കത്തെ കാണണം. ബില്ലിൽനിന്ന്‌ ഇത്തരം വ്യവസ്ഥകൾ നീക്കം ചെയ്യണം. സംവരണത്തിന്റെ അടിസ്ഥാനം ജനസംഖ്യയല്ല എന്നതിനാൽ മണ്ഡല പുനർനിർണയവുമായുള്ള ബന്ധം പൂർണമായും തെറ്റാണ്.


മോദി സർക്കാർ സ്‌ത്രീ സംവരണത്തെ വീണ്ടും രാഷ്‌ട്രീയ ആയുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ ഇത്തരമൊരു ബിൽ കൊണ്ടുവരുന്നത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധമാണ്. ബില്ലിൽ എസ്‌സി, എസ്‌ടി വനിതകളുടെ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒബിസി വിഭാഗത്തിൽ നിന്നുള്ള വനിതകൾക്കും സമാന പരിഗണന നൽകണം. സ്‌ത്രീ ശാക്തീകരണം ആത്മാർഥവും സുതാര്യവും സമയബന്ധിതവുമായ നടപടികളിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ടതാണെന്നും സംഘടനകൾ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home