ad
Deshabhimani

ഉന്നതവിദ്യാഭ്യാസ രംഗത്ത് റെക്കോഡ് മുന്നേറ്റം; പുരുഷന്മാരെ മറികടന്ന് രാജ്യത്തെ സ്ത്രീകൾ

Higher Education

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2026, 10:49 PM | 2 min read

ന്യൂഡൽഹി : രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുരുഷന്മാരെ പിന്നിലാക്കി പെൺകുട്ടികൾ വൻ മുന്നേറ്റം കൈവരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ റിപ്പോർട്ട് പ്രകാരമാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം റെക്കോർഡ് വേഗത്തിൽ വളരുന്നതായി വ്യക്തമാക്കുന്നത്. 2023-24 അധ്യയന വർഷത്തിൽ രാജ്യത്തെ ആകെ വിദ്യാർഥികളുടെ എണ്ണം 4.50 കോടിയിലെത്തി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം സ്ത്രീകളുടെ മൊത്തം പ്രവേശന അനുപാതത്തിലെ വൻ വർധനവാണ്. സ്ത്രീകളുടെ പ്രവേശന അനുപാതം 31.2 ശതമാനമായി ഉയർന്നപ്പോൾ പുരുഷന്മാരുടേത് 28.9 ശതമാനത്തിൽ ഒതുങ്ങി. തുടർച്ചയായ ഏഴാം വർഷമാണ് ഈ പെൺകരുത്തിന്റെ മുന്നേറ്റം രാജ്യം സാക്ഷ്യം വഹിക്കുന്നത്.


നിലവിൽ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള ആകെ വിദ്യാർഥികളിൽ പകുതിയോളം അതായത് 49.7 ശതമാനം പെൺകുട്ടികളാണ്. 18 മുതൽ 23 വയസുവരെയുള്ള വിദ്യാർഥികളുടെ മൊത്തം പ്രവേശന അനുപാതം 2014-15 വർഷത്തിൽ 23.7 ശതമാനമായിരുന്നെങ്കിൽ അത് 2023-24 വർഷത്തിൽ 30 ശതമാനമായി വർധിച്ചു.


പട്ടികജാതി-പട്ടികവർഗ്ഗ, ഇതര പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തത്തിലും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും വേഗതയേറിയ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് ഈ വിഭാഗങ്ങളിലെ സ്ത്രീകളുടെ എണ്ണത്തിലാണ്. 2014-15നെ അപേക്ഷിച്ച് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ നൂറ് ശതമാനത്തിലധികം (101.8 ശതമാനം) വർധനവാണുണ്ടായത്. പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികളുടെ എണ്ണത്തിൽ 66.9 ശതമാനം വർധനവും രേഖപ്പെടുത്തി.


പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആകെ വിദ്യാർൃഥികളുടെ എണ്ണം 69.7 ലക്ഷമായും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 28.8 ലക്ഷമായും ഉയർന്നിട്ടുണ്ട്. ഇതര പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള (ഒബിസി) വിദ്യാർഥികളുടെ എണ്ണം 1.8 കോടിയായി ഉയർന്നതോടെ ആകെ പ്രവേശനത്തിന്റെ 40.1 ശതമാനം ഇവരായി മാറി.


വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമല്ല ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യാപന മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം ശക്തമാവുകയാണ്. 2023-24 വർഷത്തിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള 17.3 ലക്ഷം അധ്യാപകരിൽ 44.9 ശതമാനം പേരും വനിതാ അധ്യാപകരാണ്. ഇവരുടെ എണ്ണം 2014-15 വർഷത്തിലെ 5.7 ലക്ഷത്തിൽ നിന്ന് 7.8 ലക്ഷമായാണ് ഉയർന്നത്. നിലവിൽ വിദ്യാലയങ്ങളിലെ അധ്യാപക - വിദ്യാർഥി അനുപാതം 22 ആണ്.


രാജ്യത്തെ 1,278 സർവ്വകലാശാലകളും 46,468 കോളേജുകളും ഉൾപ്പെടെ 59,553 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ സർവേ തയ്യാറാക്കിയത്. ഇതിൽ ഭൂരിഭാഗം വിദ്യാർഥികളും അതായത് 68.1 ശതമാനം സർക്കാർ സർവ്വകലാശാലകളെയാണ് ആശ്രയിക്കുന്നത്. ആകെ വിദ്യാർഥികളിൽ 76.8 ശതമാനം പേരും ബിരുദ കോഴ്സുകളിലാണ് പഠിക്കുന്നത്. 32.1 ശതമാനം വിദ്യാർഥികളുള്ള ഹ്യുമാനിറ്റീസ് ആൻഡ് ആർട്സ് ആണ് ഇപ്പോഴും ഏറ്റവും വലിയ മേഖല. ശാസ്ത്ര ശാഖകൾ 13.5 ശതമാനവും എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി 12.9 ശതമാനവും കൊമേഴ്സ് 12 ശതമാനവും വീതം വിദ്യാർഥികളെ ആകർഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home