യുവതി കുത്തേറ്റു മരിച്ചു, ബാല്യകാല സുഹൃത്ത് തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലപൂർ പട്ടണത്തിൽ 30 വയസ്സുള്ള ദളിത് സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. യെല്ലപൂരിലെ കലമ്മ നഗർ നിവാസിയായ രഞ്ജിത ഭനസോഡ് (30) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതി റഫീഖ് ഇമാംസാബിനെ ഞായറാഴ്ച യെല്ലപൂരിനടുത്തുള്ള വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊലപാതകത്തെ 'ലവ് ജിഹാദ്' എന്ന പേരിൽ പ്രചരിപ്പിച്ച് ഒരു വിഭാഗം നടത്തിയ പ്രചരണം പ്രദേശത്ത് വർഗീയ സംഘർഷത്തിന് കാരണമായിരുന്നു. തീവ്രവാദ നിലപാടുള്ള വിവിധ സംഘടനകൾ യെല്ലാപൂർ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിനിടയിലാണ് പൊലീസ് സംശയിച്ച പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ അതേ പ്രദേശത്തുതന്നെ താമസിക്കുന്ന വ്യക്തിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ റഫീഖ്. റഫീഖും രഞ്ജിതയും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റഫീഖ് ഇമാം രഞ്ജിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിന് വിസമ്മതിച്ചപ്പോഴാണ് കൊലപാതകം എന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രഞ്ജിത ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള സച്ചിൻ കട്ടേര എന്ന വ്യക്തിയുമായി രഞ്ജിത ഏകദേശം 12 വർഷം മുമ്പ് വിവാഹിതയായിരുന്നു. ഇതിൽ 10 വയസ്സുള്ള ഒരു മകനുണ്ട്. പിന്നീട് വിവാഹ ബന്ധം വേർപിരിഞ്ഞു. യെല്ലാപൂരിൽ തന്നെ സ്വന്തം കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സഹായിയായി ജോലി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്.
റഫീഖ് ഇമാം ഇടയ്ക്കിടെ അവരുടെ വീട്ടിൽ ഭക്ഷണത്തിനായി വരാറുണ്ടായിരുന്നു. പക്ഷേ വിവാഹ ആവശ്യം രഞ്ജിതയും കുടുംബവും എതിർത്തതായി പൊലീസ് പറയുന്നു.
കൊലപാതകത്തെത്തുടർന്ന് പ്രതിയുടെ അറസ്റ്റ് വൈകുന്നുവെന്ന് ആരോപിച്ച് യെല്ലാപൂർ പോലീസ് സ്റ്റേഷനിൽ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധം നടത്തി. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ലവ് ജിഹാദ് ആരോപിച്ച് ബന്ദിനും ആഹ്വാനം ചെയ്തു. ഇതിനിടയിലാണ് റഫീഖിനെ അടുത്തുള്ള കാട്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാഹചര്യം കണക്കിലെടുത്ത്, യെല്ലാപൂരിലും പരിസരത്തും പോലീസ് കൂടുതൽ സേനയെ വിന്യസിക്കുകയും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.










0 comments