ഒറ്റക്കെട്ടായി തോൽപ്പിച്ചു : 131 –ാം ഭരണഘടനാഭേദഗതി ബിൽ പാസായില്ല


എം അഖിൽ
Published on Apr 18, 2026, 04:52 AM | 2 min read
ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ ഭരണഘടനാവിരുദ്ധമായി മണ്ഡല പുനര്‍നിർണയം നടത്തി ലോക്‌സഭ, നിയമസഭാ സീറ്റുകൾ വർധിപ്പിക്കാനുള്ള മോദിസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച് പ്രതിപക്ഷം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയ പ്രാതിനിധ്യം ദുർബലമാക്കാനും കേന്ദ്രത്തിൽ ദീർഘകാലം അധികാരം കൈപ്പിടിയിലാക്കാനുമുള്ള ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന 131 –ാം ഭരണഘടനാഭേദഗതി ബിൽ ലോക്‍സഭയിൽ പരാജയപ്പെട്ടു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 22 മണിക്കൂറോളം നീണ്ട മാരത്തൺചർച്ചയ്‍ക്കുശേഷം നടന്ന വോട്ടെടുപ്പിൽ 528 അംഗങ്ങൾ വോട്ട് ചെയ്‌തു. 298 പേര്‍ അനുകൂലിച്ചപ്പോൾ 230 അംഗങ്ങൾ എതിർത്തു.
ഭരണഘടനാഭേദഗതി പാസാക്കാൻ ആകെ വോട്ടുചെയ്‌ത അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352) വേണം. തുടര്‍ന്ന് ബിൽ ലോക്‌സഭയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടതായി സ്‌പീക്കർ ഓം ബിർള അറിയിച്ചു.
മുഖ്യ ഭരണഘടനാഭേദഗതി പരാജയപ്പെട്ട സാഹചര്യത്തിൽ അതോടൊപ്പം കൊണ്ടുവന്ന മണ്ഡല പുനര്‍നിർണയ ബിൽ –2026, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ –2026 എന്നിവയുമായി മുന്നോട്ടുപോകില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ലോക്‍സഭ കടക്കാത്തതിനാൽ ബിൽ രാജ്യസഭയുടെ പരിഗണനയ്‌ക്ക് വിടില്ല. ലോക്‌സഭ ശനിയാഴ്‌ച പകൽ 11 വരെ പിരിഞ്ഞു.
ഭൂരിപക്ഷമുണ്ടെന്ന ധാർഷ്‌ട്യത്തിൽ ജനദ്രോഹ നിയമനിർമാണങ്ങൾ തുടർച്ചയായി പാസാക്കിയെടുക്കുന്ന മോദി സർക്കാരിന് ലോക്‌സഭയിലെ പരാജയം കനത്തപ്രഹരമായി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം ബിജെപിക്ക് അനുകൂലമായി മാറ്റിവരയ്‌ക്കാനുള്ള ഭരണഘടനാവിരുദ്ധ നീക്കം തുറന്നുകാട്ടിയാണ് പ്രതിപക്ഷം ബിൽ പരാജയപ്പെടുത്തിയത്.
അതേസമയം പ്രതിപക്ഷം വനിതാസംവരണത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്‌നാട്ടിലും പശ്‌ചിമ ബംഗാളിലും ബിജെപി പ്രചാരണം ശക്തമാക്കി.
വനിതകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമം പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെ 2023 സെപ്‌തംബറിൽ പാർലമെന്റ് പാസാക്കിയിരുന്നു. സെൻസസിനും മണ്ഡലപുനര്‍നിർണയത്തിനും ശേഷം ഇൗ നിയമം നടപ്പാക്കുമെന്ന നിലപാടാണ് കേന്ദ്രസർക്കാർ അന്ന് സ്വീകരിച്ചത്. എന്നാൽ നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 2029ലെ തെരഞ്ഞെടുപ്പിൽ തന്നെ വനിതാസംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി സർക്കാർ
രംഗത്തെത്തുകയായിരുന്നു.
പാസാക്കി രണ്ടര വര്‍ഷത്തിനുശേഷം
വനിതാസംവരണ നിയമം പ്രാബല്യത്തിൽ
ന്യൂഡൽഹി
:ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭ ചർച്ച ചെയ്യുന്നതിനിടെ, 2023 സെപ്‌തംബറിൽ പാര്‍ലമെന്റ് പാസാക്കിയ വനിതാസംവരണ നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. മുഖ്യനിയമം പ്രാബല്യത്തിൽ വരുംമുന്പേ അതിനെ ഭേദഗതി ചെയ്യാനുള്ള ബില്ലുകൾ കൊണ്ടുവന്നത് പ്രതിപക്ഷം ലോക്‌സഭയിൽ ചോദ്യംചെയ്‌തു. വ്യാഴം രാത്രി 10നാണ് ‘ഭരണഘടന 106 –ാം ഭേദഗതി നിയമം –2023’ വ്യാഴാഴ്ച മുതൽ നിലവിൽ വന്നതായി നിയമമന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഈ നിയമത്തിന് 2023ൽ തന്നെ രാഷ്‌ട്രപതി അംഗീകാരം നൽകി. അതേസമയം നിയമം പ്രാബല്യത്തിലാകുന്നത് ഏത് തീയതി മുതലാണെന്ന് സർക്കാർ വിജ്ഞാപനം ചെയ്‌തിരുന്നില്ല.
സെൻസസ് നടപടികൾ പൂർത്തിയാക്കി മണ്ഡല പുനര്‍നിർണയം നടത്തിയശേഷം വനിതാസംവരണം നടപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ അന്ന് അറിയിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ ലഭ്യമായ ഏറ്റവും ഒടുവിലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനര്‍നിർണയം നടത്തി 2029ലെ തെരഞ്ഞെടുപ്പിൽ വനിതാസംവരണം നടപ്പാക്കാനുള്ള ഭേദഗതികളാണ് കേന്ദ്രസർക്കാർ തിടുക്കത്തിൽ സഭയിൽ കൊണ്ടുവന്നത്. മുഖ്യനിയമം നടപ്പാക്കാതെ അതുമായി ബന്ധപ്പെട്ട ഭേദഗതികൾ കൊണ്ടുവന്നത് വലിയ നിയമപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന ചർച്ചകൾ ഉയർന്നു. ഇൗ സാഹചര്യത്തിലാണ് മുഖ്യനിയമം നടപ്പാക്കി രാത്രി വൈകി സർക്കാർ വിജ്ഞാപനം ഇറക്കിയത്.










0 comments