ad
Deshabhimani

അനധികൃത ക്ലിനിക്കിൽ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ; ഉത്തർപ്രദേശിൽ യുവതിക്ക് ദാരുണാന്ത്യം

died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Dec 11, 2025, 08:22 AM | 1 min read

ലക്നൗ : അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ക്ലിനിക്കിന്റെ ഉടമയും അനന്തരവനും ചേർന്ന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കോത്തി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.


തെഹ്ബഹാദൂർ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്ത് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖത്തിനാണ് ചികിത്സ തേടിയത്. ഡിസംബർ 5 ന്, ഭർത്താവ് ഇവരെ കോത്തിയിലെ ദാമോദർ ഔഷധാലയയിലേക്ക് കൊണ്ടുപോയി. അവിടെ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാൻ പ്രകാശ് മിശ്ര, വയറുവേദന കല്ലുകൾ മൂലമാണെന്ന് പറയുകയും ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയും ചെയ്തു. 25,000 രൂപ ചെലവ് വരുമെന്നും അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകിയതായി പൊലീസ് പറഞ്ഞു.


മിശ്ര മദ്യലഹരിയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോ കണ്ടതിനു ശേഷമാണ് നടപടിക്രമം ആരംഭിച്ചതെന്നും തെഹ്ബഹാദൂർ പരാതിയിൽ പറയുന്നു. യുവതിയുടെ വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി നിരവധി ഞരമ്പുകൾ മുറിച്ചെന്നും തുടർന്ന് ഡിസംബർ 6 ന് വൈകുന്നേരം മുനിഷ മരിച്ചെന്നും പരാതിയിൽ ആരോപിച്ചു.


മിശ്രയുടെ അനന്തരവനാണ് യൂട്യൂബ് ശസ്ത്രക്രിയയ്ക്ക് സഹായിച്ചത്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ​ഗ്യാൻ പ്രകാശ് മിശ്രയുടെ അനന്തരവൻ വിവേക് ​​കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടെന്നും സർക്കാർ ജോലിയുടെ മറവിൽ വർഷങ്ങളായി അനധികൃത ക്ലിനിക്ക് പ്രവർത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ക്ലിനിക്ക് പൂട്ടിയതായും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home