10 ദിവസം തൂണിൽ കെട്ടിയിട്ട് മർദിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവും വ്യാജ സിദ്ധനും അറസ്റ്റിൽ

ലഖ്നൗ: രോഗശാന്തി ലഭിക്കാനെന്ന പേരിൽ നടത്തിയ അന്ധവിശ്വാസച്ചടങ്ങിനിടെ 10 ദിവസത്തോളം തൂണിൽ കെട്ടിയിട്ടതിനെ തുടർന്ന് സ്ത്രീ മരിച്ചു. യുവതിയെ തുടർച്ചയായി 10 ദിവസത്തോളം വീട്ടിനുള്ളിലെ തൂണിൽ കെട്ടിയിടുകയായിരുന്നു. ഈ ദിവസങ്ങളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകാതെയും, ചടങ്ങിന്റെ ഭാഗമായി നടന്ന ശാരീരിക പീഡനങ്ങൾ കാരണവുമാണ് സ്ത്രീ മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ലഖ്നൗ ഗോമതി നഗർ സ്വദേശിയായ റൂബി യാദവ് (33) ആണ് മരിച്ചത്. റൂബിയുടെ ഭർത്താവ് അങ്കിത് യാദവ്, വ്യാജ സിദ്ധനായ മുന്ന (71), ഇയാളുടെ സഹായി ഖാദിർ അഹമ്മദ് (55) എന്നിവരാണ് അറസ്റ്റിലായത്.
ബാരബങ്കിയിലെ ദേവ മേഖലയിലുള്ള ഒരു ആരാധനാലയത്തിന് സമീപം വെച്ചാണ് റൂബിയെ പത്ത് ദിവസത്തോളം തൂണിൽ കെട്ടിയിട്ട് 'ബാധ ഒഴിപ്പിക്കൽ' ചടങ്ങുകൾ നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ റൂബിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ദേവയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
റൂബിയുടെ പിതാവ് പ്രമോദ് യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവ പോലീസ് കേസെടുത്ത് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദേവ എസ് എച്ച് ഒ അലോക് മണി ത്രിപാഠി അറിയിച്ചു.









0 comments