വാഹന മോഡിഫിക്കേഷൻ: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ; യുഡിഎഫ് വാഗ്ദാനം 'വെള്ളത്തിൽ'

ന്യൂഡൽഹി: വാഹനങ്ങൾക്ക് രൂപമാറ്റംവരുത്തുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ. അടിസ്ഥാന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് കേന്ദ്രമാണ്. പൊതുസുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കാൻമാത്രമേ സംസ്ഥാനങ്ങൾക്ക് അധികാരമുള്ളൂവെന്നും രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി.
നിർദിഷ്ട കാര്യങ്ങളിൽ മാത്രമാണ് വാഹനങ്ങൾക്ക് രൂപമാറ്റം അനുവദിച്ചിട്ടുള്ളത്. വ്യത്യസ്ത ഇന്ധനമോ അതിന്റെ ഊർജസ്രോതസ്സോ ഉപയോഗിക്കുന്നതിന് എഞ്ചിനിലോ അതിന്റെ ഭാഗങ്ങളിലോ മാറ്റം വരുത്താം, പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാം, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാനാകുന്നവിധം മാറ്റംവരുത്തുക - തുടങ്ങിയ മാറ്റങ്ങൾ മാത്രമേ അനുവദിക്കാനാകൂ എന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ യുഡിഎഫ് നടത്തിയ വലിയ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു വാഹന മോഡിഫിക്കേഷൻ. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പല തവണ പ്രഖ്യാപനങ്ങൾ നടത്തി.
തെഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് നൽകിയ വാഗ്‌ദാനങ്ങൾ അടിസ്ഥാനമില്ലാത്തതായിരുന്നുവെന്ന് തെളിഞ്ഞതായി വി ശിവദാസൻ പറഞ്ഞു. നിലവിലുള്ള മോട്ടോർ വാഹന നിയമത്തിന് അതീതമായി ഏത് വാഹന മോഡിഫിക്കേഷനാണ് അനുവദിച്ചതെന്നും അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും യുഡിഎഫ് സർക്കാർ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്നും ശിവദാസൻ എംപി ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ ഘടനയിലും എൻജിനിലും വരുത്തുന്ന മാറ്റങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ മോട്ടോർ വെഹിക്കിൾ ആക്ട് ആണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. വാഹനം നിർമിച്ച കമ്പനി നൽകുന്ന സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. സുരക്ഷാ കാരണങ്ങളാൽ വാഹനങ്ങളിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് സതീശൻ അവകാശപ്പെട്ടത്.









0 comments