ഫരീദാബാദിൽ യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പ്രസവിച്ചു

ഫരീദാബാദ് : ശനിയാഴ്ച ഓൾഡ് ഫരീദാബാദ് റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതി പ്രസവിച്ചു. ഫരീദാബാദ് ഓൾഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി അമ്മയെയും നവജാതശിശുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന മറ്റ് സ്ത്രീകളുടെ സഹായത്തോടെയാണ് പ്രസവം നടത്തിയത്. അടുത്ത മാസമാണ് പ്രസവത്തിനായി യുവതിയോട് തിയതി പറഞ്ഞിരുന്നത്. ഭർത്താവിനൊപ്പം ജമ്മുവിലെ കത്രയിൽ നിന്ന് മടങ്ങുകയായിരുന്നു സ്ത്രീയെന്ന് പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ പന്ന ജില്ലയിലെ സിതോളി സ്വദേശികളായ ദമ്പതികൾ ജമ്മു കശ്മീരിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. വെള്ളി ഉച്ചകഴിഞ്ഞ് ട്രെയിൻ ഡൽഹിയിൽ എത്തിയപ്പോൾ യുവതിക്ക് നേരിയ വേദന അനുഭവപ്പെട്ടു. കുറച്ചു സമയത്തിനുള്ളിൽ വേദന വർധിച്ചതോടെ മറ്റ് യാത്രക്കാർ സഹായത്തിനെത്തി. കോച്ചിലെ യാത്രക്കാരെ ഒരു വശത്തേക്ക് മാറ്റിയ ശേഷം സീറ്റുകൾ ബെഡ് ഷീറ്റുകളും പുതപ്പുകളും കൊണ്ട് മൂടിയാണ് പ്രസവം നടത്തിയത്.
ഒരു യാത്രക്കാരി റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഫരീദാബാദ് ഓൾഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി.
വനിതാ റെയിൽവേ മെഡിക്കൽ ജീവനക്കാർ കോച്ചിലെത്തി അമ്മയെയും കുഞ്ഞിനെയും പരിശോധിച്ച ശേഷം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) എന്നിവയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആംബുലൻസിൽ ഫരീദാബാദിലെ ബികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയും കുഞ്ഞും സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു.










0 comments