യുവതി മരിച്ചെന്ന് പൊലീസ്; അച്ഛനും സഹോദരനും ജയിലിൽ, ഒരു മാസത്തിന് ശേഷം 'മരിച്ച' പെൺകുട്ടി ജീവനോടെ സ്റ്റേഷനിൽ

മൊഴി രേഖപ്പെടുത്താൻ ശിവാനി ജൽഗാവ്-ജാമോദ് പോലീസ് സ്റ്റേഷനിൽ പോയപ്പോൾ Image Credit : NDTV
ബുൽദാന: മഹാരാഷ്ട്ര പൊലീസിന്റെ ക്രൂരമായ അനാസ്ഥ തുറന്നുകാട്ടി മറ്റൊരു സംഭവം കൂടി. പൊലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച് കൊലപാതകക്കുറ്റം ചുമത്തി അച്ഛനെയും സഹോദരനെയും ജയിലിലടച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖക്‌നാർ മേഖലയിൽ നിന്ന് ഏപ്രിലിലാണ് ശിവാനി കൽമേക്കർ എന്ന യുവതിയെ കാണാതായത്.
ശിവാനി കൽമേക്കർ (21) വ്യാഴാഴ്ചയാണ് മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ ജീവനോടെ മഹാരാഷ്ട്ര പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഖക്നാർ മേഖലയിലെ ഖഡ്കി ഗ്രാമത്തിൽ നിന്നും ശിവാനിയെയും സുഹൃത്തായ അരുൺ ദാദു കൽമേക്കർ (24) എന്ന യുവാവിനെയും കാണാതാകുന്നത്.
വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ജൽഗാവ് ജാമോദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശാസ്ത്രീയമായ യാതൊരു പരിശോധനയും നടത്താതെയും, ഡിഎൻഎ ടെസ്റ്റ് പോലുമുള്ള പ്രാഥമിക നടപടികൾ കാറ്റിൽപ്പറത്തിയും ഈ മൃതദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പൊലീസ് പ്രഖ്യാപിക്കുകയായിരുന്നു.
ദുരഭിമാന കൊലപാതകമെന്ന നിഗമനത്തിൽ ശിവാനിയുടെ പിതാവ് ബാപുരം കൽമേക്കർ (55), സഹോദരൻ അജയ് കൽമേക്കർ (27) എന്നിവരെ ക്രൂരമായി വേട്ടയാടിയ പൊലീസ് ഇരുവരെയും കൊലപാതകക്കുറ്റം അറസ്റ്റ് ചെയ്തു."ഞാൻ ജീവിച്ചിരിപ്പുണ്ട്. എന്റെ അച്ഛനെയും സഹോദരനെയും ഉടൻ വിട്ടയക്കണം," സ്റ്റേഷനിലെത്തിയ ശിവാനി വിതുമ്പലോടെ പറഞ്ഞു.
വീട്ടുകാർ നൽകിയ മിസ്സിംഗ് കേസിൽ മധ്യപ്രദേശിലെ ഖക്നാർ പൊലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് നാസിക്കിന് സമീപം അരുണും ശിവാനിയും ഒന്നിച്ച് താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മഹാരാഷ്ട്ര പൊലീസിന്റെ ക്രൂരത പുറംലോകമറിയുന്നത്.
നിരപരാധികളായ അച്ഛനെയും മകനെയും ജയിലിലടച്ച മഹാരാഷ്ട്ര പൊലീസിന്റെ കാടൻ നടപടിക്കെതിരെ ബുർഹാൻപൂരിലും പരിസര പ്രദേശങ്ങളിലും ജനരോഷം ശക്തമാകുകയാണ്. അണക്കെട്ടിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും തുമ്പില്ല.










0 comments