ad
Deshabhimani

മകന്റെ സഹായത്തോടെ മകളെ പിതാവ് കൊലപ്പെടുത്തി; അപകടമരണമാക്കി മാറ്റാനും ശ്രമം

Murder Case

Photo: NDTV

വെബ് ഡെസ്ക്

Published on Sep 09, 2026, 01:28 PM | 1 min read

അഹമ്മാദാബാദ്: മകന്റെ സഹായത്തോടെ മകളെ ചുറ്റിക കൊണ്ട് പിതാവ് അടിച്ചു കൊന്നു. ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 22 കാരി സോഫിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതശരീരം റോഡിൽ തള്ളി അപകടമരണമാക്കി ചിത്രീകരിക്കാനും ശ്രമം നടത്തി. ഒരു മാസം മുൻപാണ് സോഫിയ കൊല്ലപ്പെട്ടത്. ആദ്യം അപകടമരണമെന്ന നി​ഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെയും സഹോദരന്റെയും ക്രൂരകൃത്യം പുറത്തുവന്നത്.


ആ​ഗസ്ത് 12നാണ് കേസിനാസ്പദമായ സംഭവം. ആൺ സുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡ‍ിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സോഫിയയെ രാത്രി പിതാവ് മൊഹമ്മദ് ഫാറൂഖും 38കാരനായ സഹോദരൻ മൊഹമ്മദ് ഹാബിലും ചേർന്ന് കൊലപ്പെടുത്തിയത്. സോഫിയെയും കൂട്ടി ഇരുവരും ബൈക്കിൽ യാത്ര തിരിച്ചു. ഗെൽജിപുര ഗ്രാമത്തിന് സമീപമുള്ള വിജനമായ മൺപാതയിലേക്ക് ഹാബിൽ വാഹനം തിരിച്ചു. അവിടെ വെച്ച് സോഫിയയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് മൂന്നു തവണയാണ് ചുറ്റിക കൊണ്ട് അടിച്ചത്. തുടർന്ന് പിതാവും മകനും ചേർന്ന് സോഫിയയുടെ മൃതദേഹം റോഡിലേക്ക് കൊണ്ടുവന്ന് വെയ്ക്കുകയും ബൈക്കിന് കേടുപാടുകളും വരുത്തി.


പിന്നീട് ഹാബിൽ തന്നെയാണ് പൊലീസിന് വിവരം നൽകിയത്. തങ്ങളുടെ വാഹനം അമിതവേ​ഗതയിലെത്തിയ മറ്റൊരു വാഹനം ഇടിച്ചുവെന്നും ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റുവെന്നും പറഞ്ഞു. തനിക്കും അപകടത്തിൽ മുറിവുകൾ പറ്റിയതായും പറഞ്ഞു. ഉടൻ തന്നെ സോഫിയയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്. സംഭവത്തിൽ പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home