ഭാര്യയുമായി വഴക്കിട്ടു, പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു: പിതാവ് അറസ്റ്റിൽ

അരീക്കോട് : മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാട്ടുവാഴി വീട്ടിൽ എം മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കിട്ട ശേഷം ഭാര്യയുടെ ദേഹത്തേക്ക് അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ വെള്ളം പുറകിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് വീണത്.
കാലിന് ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ മജു തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി തെരേസ ജോണിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി പി ജെ ജോൺസൺ, അരീക്കോട് ഇൻസ്പെക്ടർ സി ആർ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതി ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്നുമാണ് പിന്നീട് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments