ഒരിഞ്ച് പിന്നോട്ടില്ല; ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ തെരുവിലുണ്ടാകും: ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ശക്തമായി തുടരും. ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല. പ്രതിഷേധത്തെ പൊലീസ് നിഷ്ഠൂരമായി അടിച്ചമർത്തുകയാണ്. എല്ലാ വെല്ലുവിളികളെയും മറികടന്ന് ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ടുപോകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കടുക്കുകയാണ്. പ്രതിപക്ഷ എംപിമാർ ബസുകളിൽ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. എന്നാൽ പ്രതിഷേധം അടിച്ചമർത്തുന്നതിനായി വൻ പൊലീസ് സേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിരിക്കുന്നത്. ഐടിബിപിയെയും ആർഎഎഫിനെയും ഉപയോഗിച്ച് എംപിമാരെ തടയാനാണ് നീക്കം. ജന്തർമന്തറിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു.
ഗ്യാനേഷിന്റെ രാജിയില്ലാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് പ്രതിപക്ഷനിലപാട്. കഴിഞ്ഞദിവസം നടന്ന എംപിമാരുടെ സമരത്തിനെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്.








0 comments