തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രം പെട്രോൾ, ഡീസൽ വില കൂട്ടും?

ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടുമെന്ന് വ്യാപക പ്രചരണം. ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിലവിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ 25 മുതൽ 28 രൂപവരെ വിലകൂട്ടുമെന്നാണ് പറയുന്നത്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസാണ് രാജ്യത്ത് ഇന്ധനവില കുത്തനെ കൂടിയേക്കുമെന്ന് വിലയിരുത്തിയത്.
എന്നാൽ പ്രചരണം തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തി. പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം എക്സിൽ കുറിച്ചു.
അതേസമയം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ വൻ കുറവ് രേഖപ്പെടുത്തി. 2026 മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17 ശതമാനത്തിന്റെ കുറവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2026 മാർച്ചിൽ ഇത് 18.9 ദശലക്ഷം ടണ്ണായി ചുരുങ്ങി. ഇറക്കുമതി അളവിൽ കുറവുണ്ടായെങ്കിലും രാജ്യാന്തര വിപണിയിൽ എണ്ണവില വർധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.










0 comments