യുപിയിൽ 100 സംരക്ഷിത തത്തകളെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

എഐ നിർമിത ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് സംരക്ഷിത ഇനത്തിൽപ്പെട്ട 100 തത്തകളുമായി അന്തർസംസ്ഥാന വന്യജീവി കള്ളക്കടത്തുകാരനെ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ഗോരഖ്പൂരിലെ തിവാരി പുർ സ്വദേശിയായ ആമിർ എന്നയാളാണ് ശനിയാഴ്ച രാത്രി ഗുൽഹാരിയയിലെ നന്ദനഗർ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് പിടിയിലായത്. വളരെ ഇടുങ്ങിയ സാഹചര്യത്തിൽ മൂന്ന് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 100 തത്തകൾ, ഒരു കൂട്, കടത്താൻ ഉപയോഗിച്ച ടിവിഎസ് ജൂപ്പിറ്റർ സ്‌കൂട്ടർ എന്നിവ പ്രതിയിൽ നിന്ന് കണ്ടെടുത്തു.
കുടുംബപരമായി പക്ഷി കച്ചവടമുള്ളയാളാണ് പ്രതി. ഉയർന്ന ലാഭം ലക്ഷ്യമിട്ട് നിരോധിത പക്ഷികളുടെ കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഗോരഖ്പൂർ, ലഖിംപൂർ ഖേരി, പിലിഭിത്ത് തുടങ്ങിയ വനപ്രദേശങ്ങളിൽ നിന്ന് പിടികൂടുന്ന തത്തകളെ യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഉയർന്ന വിലയ്ക്കാണ് വിറ്റിരുന്നത്. 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ഈ കടത്ത് സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.









0 comments