കുട്ടി ചത്തതിനു പിന്നാലെ ആക്രമണകാരിയായി കരടി; രണ്ടുപേര്‍ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കേർ ജില്ലയിൽ കാട്ടുകരടിയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 40-കാരിയായ ചാമ്രിൻ ബായി, സഹോദരൻ ഹലാൽ ഖോർ ജുറി (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ വയലിൽ ജോലി ചെയ്യുകയായിരുന്നു. ഇവരുടെ മറ്റൊരു സഹോദരിയായ 30-കാരി ഖോറിൻ ബായിക്ക് പരിക്കേറ്റു.
കരടിക്കുട്ടി ചത്തതിനെ തുടർന്നാണ് പെൺകരടി അത്യന്തം ആക്രമണകാരിയായതെന്നാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ നർഹാർപൂർ വനപരിധിയിലെ ലാർഗാവ് മാർക്കടോള ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ യുവതി കാങ്കേറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരം ലഭിച്ചതിനെ തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചൊവ്വാഴ്ച കരടിയുടെ ഒരു കുട്ടി ചത്തതിനെ തുടർന്നാണ് പെൺകരടി അസാധാരണമായി ആക്രമണസ്വഭാവം കാണിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആക്രമണത്തിന് ശേഷവും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കു സമീപം കരടി ഏറെ നേരം നിലയുറപ്പിച്ചിരുന്നുവെന്നും മൃതദേഹങ്ങളിൽ വീണ്ടും ആക്രമണം നടത്തിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് കരടി നിൽക്കുന്നുവെന്ന് കാണിക്കുന്നതായി പറയപ്പെടുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവസ്ഥലം സന്ദർശിച്ച കാങ്കേർ എംഎൽഎ ആശാറാം നേതം, വനവകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോഴും കരടി മൃതദേഹങ്ങൾക്ക് സമീപത്തുണ്ടായിരുന്നുവെന്ന് പറഞ്ഞു. പ്രദേശത്ത് ജാഗ്രത പാലിക്കാനും വനമേഖലയിലേക്ക് അനാവശ്യമായി പ്രവേശിക്കരുതെന്നും അധികൃതർ നാട്ടുകാർക്ക് നിർദേശം നൽകി.









0 comments