അഭിമന്യു കൊലക്കേസ്: പ്രതികൾ 10ന് ഹാജരാകണം

കൊച്ചി : അഭിമന്യു കൊലക്കേസിലെ എല്ലാ പ്രതികളും 10ന് നേരിട്ട് ഹാജരാകണമെന്ന് കർശന നിർദേശം നൽകി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323–-ാം വകുപ്പുകൂടി (മനപ്പൂർവം പരിക്കേൽപ്പിക്കൽ) പ്രതികൾക്കെതിരെ ചുമത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചു. നിയമവിരുദ്ധമായി സംഘം ചേർന്ന ചില പ്രതികൾ സാക്ഷികളെ കൈകൊണ്ട് ഇടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇത് എല്ലാ പ്രതികൾക്കും ബാധകമാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.
നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന ഹൈക്കോടതി നിർദേശം ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ കർശന നിർദേശം നൽകിയത്. പുതിയ വകുപ്പ് ഉൾപ്പെടുത്തിയുള്ള അധിക കുറ്റപത്രം 10ന് പ്രതികളെ വായിച്ചുകേൾപ്പിക്കും. തുടർന്ന് വിചാരണയുടെ സമയക്രമവും തീരുമാനിച്ചേക്കും. പ്രതികൾക്ക് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചെങ്കിലും അനുവദിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹാജരായി.
അഭിമന്യുവിന്റെ അമ്മ ഭൂപതിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. കെ എസ് അരുണ്‍കുമാര്‍ അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് മനോഹരനുവേണ്ടി വിചാരണക്കോടതിയില്‍ വക്കാലത്ത് നല്‍കി. കേസില്‍ 18–ാംസാക്ഷിയാണ് പരിജിത്ത്.









0 comments