കടുത്ത എതിർപ്പിനിടെ ഇൻഫാന്റീനോയ്ക്ക് പൂർണ പിന്തുണയുമായി അർജന്റീന

ബ്യൂണസ് ഐറിസ്: ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യ നിക്ഷേപത്തിനുള്ള നീക്കം നടത്തിയതിൽ കനത്ത എതിർപ്പ് നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പൂർണപിന്തുണയുമായി അർജന്റീന. ഇൻഫാന്റിനോ മാപ്പ് പറഞ്ഞിട്ടും യായൊതു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഫെഡറേഷനുകൾ വ്യക്തമാക്കുമ്പോഴാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ (എഎഫ്എ) നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.
ഇൻഫാന്റിനോയുടെ കാലയളവിൽ ലോക ഫുട്ബോളിന്റെ വികസനവും സംഘടനാപരമായ കരുത്തും നേടിയെന്ന് എഎഫ്എ പ്രസ്താവനയിൽ പറയുന്നു. സമീപകാലത്ത് അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ച പദ്ധതിയിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഫിഫ പ്രസിഡന്റ് തെറ്റുകൾ അംഗീകരിച്ചതും ക്ഷമാപണം പ്രകടിപ്പിച്ചതും മൂല്യവത്തേറിയതാണെന്നും എഫ്എ പറയുന്നു. ഫിഫയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു ഭരണത്തിനാണ് ഇൻഫാന്റിനോ നേതൃത്വം നൽകുന്നതെന്നും എല്ലാ അംഗ അസോസിയേഷനുകൾക്കും കോൺഫെഡറേഷനുകൾക്കുമായി സംഘടനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും എഎഫ്എ പ്രശംസിക്കുന്നുണ്ട്.
അതേസമയം, സ്വകാര്യ നിക്ഷേപത്തിനുള്ള നീക്കം പിൻവലിച്ചെങ്കിലും യൂറോപ്യൻ ഭരണസമിതി യുവേഫ, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ, വടക്കൻ അമേരിക്കൻ സംഘടനയായ കോൺകാകാഫ് എന്നിവ കർശന നടപടി വേണമെന്ന നിലപാടിലാണ്. നിലവിൽ ഫിഫയുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് തീരുമാനം. ഇത് ലോകകപ്പിനുശേഷമുള്ള ഫുട്‌ബോൾ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. എല്ലാ പ്രവർത്തനങ്ങളും ബഹിഷ്‌കരിച്ച് ഇൻഫാന്റിനോയെ സമ്മർദത്തിലാക്കാനാണ് ശ്രമം.
മൊറോക്കോ, ഇൗജിപ്‌ത്, നൈജീരിയ അസോസിയേഷനുകളും ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി രംഗത്തെത്തുണ്ട്.
കഴിഞ്ഞദിവസം മൊറോക്കോയിലെ റാബത്തിൽ ഫിഫയുടെ ആഫ്രിക്കൻ ഓഫീസിൽ ചേർന്ന യോഗത്തിൽ സ്വകാര്യനിക്ഷേപ നീക്കം തെറ്റായിരുന്നുവെന്നും മാപ്പ് പറയുന്നതായും ഇൻഫാന്റിനോ തുറന്നുപറഞ്ഞിരുന്നു. കടുംപിടിത്തം തുടർന്നാൽ രാജിവയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമായതോടെയാണ് നിലപാടിൽ അയവ് വരുത്തിയത്.
പ്രസിഡന്റായി തുടരുമെങ്കിലും ഇൻഫാന്റിനോയ്‌ക്കെതിരായ നീക്കം അണിയറയിൽ ശക്തമാണ്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബദൽ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എതിർചേരി. യൂറോപ്യൻ ഭരണസമിതിയായ യുവേഫയാണ് ഇൻഫാന്റിനോയ്‌ക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തുള്ളത്.
ഇതിനിടെ 2030 ലോകകപ്പ് ഫൈനൽ വേദി മൊറോക്കോയ്‌ക്ക് ഇൻഫാന്റിനോ വഴിവിട്ട് അനുവദിച്ചെന്ന വാർത്തയും പുറത്തുവന്നു. വ്യക്തിപിന്തുണയ്‌ക്കുള്ള പാരിതോഷികമാണിതെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. സ്‌പെയ്‌നിനെ തഴഞ്ഞാണ് ലോകകപ്പ് ഫൈനൽ വേദി മൊറോക്കോയ്‌ക്ക് അനുവദിച്ചത്.








0 comments