Deshabhimani

വാട്ട്സാപ്പ് സന്ദേശത്തിലൂടെ എടുക്കുന്ന അവധി ഔദ്യോഗിക അവധിയില്ല: കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ

whatsapp

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 25, 2026, 08:42 AM | 1 min read

പ്രയാഗ്‌രാജ്: മേലുദ്യോഗസ്ഥൻ അംഗീകരിച്ചതായി സന്ദേശം ലഭിച്ചാലും വാട്ട്സാപ്പ് വഴിയുള്ള അവധി ഔദ്യോഗിക അവധിയായി കണക്കാക്കാനാകില്ലെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ അലഹബാദ് ബെഞ്ച്. 2025 ജൂലൈ 14 മുതൽ 16 വരെ മൂന്ന് ദിവസത്തെ അവധിയെടുത്ത് നാട്ടിൽ പോയ ഉദ്യോഗസ്ഥൻ വാട്ട്സാപ്പിലൂടെ തന്റെ മേലുദ്യോഗസ്ഥനോട് രണ്ടു ദിവസത്തെ അവധി കൂടി ആവശ്യപ്പെട്ടിരുന്നു.


പ്രയാഗ്‌രാജിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്കാണ് സന്ദേശമയച്ചത്. നോർത്ത് സെൻട്രൽ റെയിൽവേയിലെ ചീഫ് കൊമേഴ്സ്യൽ സൂപ്പർവൈസർ കൂടിയായ ഹർജിക്കാരന്റെ ആവശ്യത്തിനോട് മേലുദ്യോഗസ്ഥൻ ഓക്കേ എന്ന് മറുപടി നൽകിയിരുന്നു.


എന്നാൽ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പ്രതികാര നടപടിയെന്നോണം ഫത്തേപ്പൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതിനെ തുടർന്നാണ് കേസുമായി ഹർജിക്കാരൻ ട്രൈബ്യുണലിനെ സമീപിച്ചത്.


വാട്സാപ്പിൽ 'ഒകെ' എന്ന് മറുപടി നൽകിയ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ 2025 ജൂലൈ 14 മുതൽ 25 വരെ പരിശീലനത്തിലായിരുന്നുവെന്നും, ആ സമയത്ത് കൊമേഴ്സ്യൽ വിഭാഗത്തിന്റെ ഔദ്യോഗിക ചുമതല ഫ്രൈറ്റ് വിഭാഗം സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരായ അതുൽ യാദവിനായിരുന്നു എന്നുമാണ് റെയിൽവേയുടെ വാദം.


റെയിൽവേ ബോർഡിന്റെയും നോർത്ത് സെൻട്രൽ റെയിൽവേയുടെയും കർശന നിർദ്ദേശപ്രകാരം എച്ച്ആർഎംഎസ് പോർട്ടൽ വഴിയാണ് അവധിക്ക് അപേക്ഷിക്കേണ്ടത്. അവധി ആവശ്യപ്പെടുന്ന സമയത്ത് ചുമതലയിൽ ഇല്ലായിരുന്ന ഉദ്യോഗസ്ഥൻ അയച്ച 'ഓക്കേ' സന്ദേശം അവധിക്കുള്ള അനുമതിയായി കണക്കാക്കാനാകില്ലെന്ന് ട്രൈബ്യുണൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home