Deshabhimani

വീണ്ടും ആക്രമണം; ഹൂതി മിസൈൽ ചെറുത്ത് സ‍ൗദി

Saudi.jpg

സൗദിയിൽ ഹൂതികൾ നടത്തിയ ആക്രമണം

വെബ് ഡെസ്ക്

Published on Oct 25, 2026, 09:28 AM | 1 min read

മനാമ: പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ബാലിസ്റ്റിക് മിസൈൽ- ആക്രമണങ്ങൾ പ്രതിരോധിച്ച്‌ സൗദി. തലസ്ഥാനമായ റിയാദ്, തായിഫ്, യാൻബു, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്ക് ശനിയാഴ്ച പുലർച്ചെ എത്തിയ മിസൈലുകളും ഡ്രോണുമാണ് തകർത്തത്. ബാലിസ്റ്റിക് മിസൈൽ വ്യോമാതിർത്തിയിൽ വെച്ച് തകർത്തതായി സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി സ്ഥിരീകരിച്ചു.


റിയാദിലേക്ക്‌ ആക്രമണം കടുപ്പിച്ചതിന്‌ തൊട്ടുപിന്നാലെ യമൻ തലസ്ഥാനമായ സനയിലും സമീപ പ്രദേശങ്ങളിലും സൗദി സഖ്യസേന ശക്തമായ ആക്രമണം നടത്തി. സനയിലെ അസ്ര് മേഖലയിലെ ഒരു വീടിന് നേരെ സൗദി നടത്തിയ ആക്രമണത്തിൽ നാല് പേരും ഹംദാനിൽ ഒരു സിമന്റ് ഫാക്ടറി തൊഴിലാളികളുടെ വീടിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ ആറ്‌ സ്ത്രീകളും ഒരു കുട്ടിയുമടക്കം എട്ടുപേരും കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മോഖയിൽ 20 ഓളം കേന്ദ്രങ്ങളിലും വ്യോമാക്രമണമുണ്ടായി.


അതിനിടെ, സൗദിയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്‌ നീട്ടിയതായി ഇന്ത്യൻ വിമാനക്കമ്പനിയായ അകാശ എയർ അറിയിച്ചു. ജിദ്ദയിലേക്കുള്ള വിമാനങ്ങൾ നവംബർ 10 വരെയും, റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും നിർത്തിവച്ചു.


കുടുങ്ങിക്കിടന്ന 3,000ത്തോളം ഉംറ തീർഥാടകരെ തിരിച്ചെത്തിച്ചതായി ഇന്ത്യൻ വിദേശമന്ത്രാലയം വ്യക്തമാക്കി. റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ എംബസി കൺട്രോൾ റൂമുകൾ വഴി ബാക്കിയുള്ളവരെയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ആക്രമണത്തിൽ ഒരു എണ്ണകപ്പലിന് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home