വൈഭവിനെ മൂന്നാം നമ്പറിലിറക്കിയത് തെറ്റായ തീരുമാനം; സഞ്ജുവാണ് കളിക്കേണ്ടത്: അശ്വിൻ

വൈഭവ് സൂര്യവംശി (ഇടത്) ആർ അശ്വിൻ (വലത്)| Phoro: X, Reuters
ക്രൈസ്റ്റ്ചർച്ച് : ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിൽ ഇറക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ. വൈഭവിന് ഈ ബാറ്റിങ് സ്ഥാനം അനുയോജ്യമല്ലെന്നും സഞ്ജുവാണ് മൂന്നാം നമ്പറിൽ കളിക്കേണ്ടതെന്നും അശ്വിൻ പറഞ്ഞു.
പരിക്കേറ്റ ഇഷാൻ കിഷന് പകരമാണ് വൈഭവ് പ്ലേയിങ് ഇലവനിലെത്തിയത്. സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണിങ് സ്ഥാനം നിലനിർത്തിയതോടെ വൈഭവിന് മൂന്നാം നമ്പറിൽ ഇറങ്ങേണ്ടിവന്നു. ആറാം ഓവറിൽ ക്രീസിലെത്തിയ താരം എട്ട് പന്തിൽ നാല് റൺസെടുത്ത് പുറത്തായി.
മത്സരത്തിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനിടെയാണ് വൈഭവിന്റെ ബാറ്റിങ്ങിനെ അശ്വിൻ വിമർശിച്ചത്. യുവതാരത്തെ പരാജയമെന്ന് വിശേഷിപ്പിക്കാൻ സമയമായിട്ടില്ലെങ്കിലും പരിചിതമല്ലാത്ത റോളിൽ വൈഭവ് ബുദ്ധിമുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. എട്ട് പന്തിലും ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും പന്ത് കൃത്യമായി ടൈം ചെയ്യാൻ താരത്തിന് കഴിഞ്ഞില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളിൽ ഒരു സീനിയർ താരം വൈഭവിനോട് ശാന്തനായി കളിക്കാനും പന്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശിക്കേണ്ടതുണ്ടായിരുന്നുവെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. ആറാം ഓവറിൽ ബാറ്റിങ്ങിനിറങ്ങുന്നത് വൈഭവിന്റെ ശൈലിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈഭവ്, അഭിഷേക്, സഞ്ജു എന്നിവർ ഒരുമിച്ച് കളിക്കുന്ന ടീമിൽ സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റണമെന്നാണ് അശ്വിന്റെ നിർദേശം. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സഞ്ജു ഈ സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനത്തെ അശ്വിൻ പ്രശംസിച്ചു. തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, രമൺദീപ് സിങ് എന്നിവരുടെ ബാറ്റിങ്ങാണ് മത്സരത്തിൽ ശ്രദ്ധേയമായത്. ന്യൂസിലൻഡ് ഉയർത്തിയ 180 റൺസ് മറികടക്കാൻ ഇന്ത്യയെ സഹായിച്ച മധ്യനിരയുടെ പ്രകടനം ടീമിന് വലിയ കരുത്താണെന്ന് അശ്വിൻ പറഞ്ഞു.
ആറാം, ഏഴാം, എട്ടാം നമ്പറുകളിലെ താരങ്ങൾക്ക് വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള കഴിവുണ്ടെന്നും രമൺദീപിന് പേസ് ബൗളിങ്ങിനെ മാത്രമല്ല, സ്പിന്നിനെയും ആക്രമിക്കാനാകുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം വിലയിരുത്തി. തിലക് വർമയുടെ സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവിനെയും അശ്വിൻ പ്രശംസിച്ചു.








0 comments