ബിജെപി അഴിഞ്ഞാട്ടം ജയ് ശ്രീറാം വിളികളോടെ ,കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
print edition പശ്ചിമ ബംഗാളിൽ വ്യാപക ആക്രമണം; ന്യൂനപക്ഷ വിഭാഗക്കാരുടെ കടകൾ ബുൾഡോസർകൊണ്ട് തകർത്തു

തെരഞ്ഞെടുപ്പ് വിജയത്തിൽ മതിമറന്ന ബിജെപി പ്രവർത്തകർ കൊൽക്കത്തയിലെ ന്യൂമാർക്കറ്റിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്ത ഇറച്ചിക്കട
ഗോപി
Published on May 07, 2026, 01:25 AM | 1 min read
കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വ്യാപകമായി. ന്യൂനപക്ഷ വിഭാഗക്കാരുടെ കടകളും പ്രതിപക്ഷ പാർടി ഓഫീസുകളും പലയിടത്തും അടിച്ചുതകർത്തു.
തൃണമൂൽ കോൺഗ്രസ്– ബിജെപി പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടൽ വിവിധ മേഖലകളിലേക്ക് പടർന്നതോടെ ജനങ്ങൾ ഭീതിയിലായി. വോട്ടെണ്ണലിനുശേഷമുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു. മൂന്ന് തൃണമൂലുകാരും ഒരു ബിജെപിക്കാരനുമാണ് കൊല്ലപ്പെട്ടത്. പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു.
കേന്ദ്ര സേനയുടെ വൻ സന്നാഹം സംസ്ഥാനത്ത് തുടരവെയാണ് ബിജെപിക്കാർ അഴിഞ്ഞാടുന്നത്. സിപിഐ എമ്മിന്റെയും തൃണമൂലിന്റെയും ഓഫീസുകൾ ബിജെപിക്കാർ കൈയ്യേറി. ബിജെപി കൊടികെട്ടിയ ബുൾഡോസറുകളുമായാണ് അക്രമികൾ പൊതുനിരത്തുകളിൽ ആക്രമണം നടത്തുന്നത്. പ്രസിദ്ധമായ ഹോഗ് മാർക്കറ്റിന് (ന്യൂ മാർക്കറ്റ്) സമീപം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ നിരവധി കടകൾ ഇടിച്ചുനിരത്തി. ഇറച്ചി, മീൻ തുടങ്ങിയവ വിൽക്കുന്ന കടകളാണ് തകർത്തത്. ഇവിടെ തൃണമൂൽ കോൺഗ്രസ് ഓഫീസും തകർത്തു. ജയ് ശ്രീറാം വിളികളോടെയാണ് ബിജെപിക്കാർ ‘ബുൾഡോസർ രാജ്’ നടപ്പാക്കി തുടങ്ങിയത്. അക്രമം നടക്കുമ്പോൾ കേന്ദ്ര സേനയും പൊലീസും നോക്കിനിന്നെന്ന് തൃണമൂൽ ആരോപിച്ചു.
ലെനിന്റെ പ്രതിമ തകർത്തു
മുർഷിദാബാദ് ജിയാഗഞ്ചിൽ ലെനിന്റെ പ്രതിമ അക്രമി സംഘം തകർത്തു. സിപിഐ എം പ്രവർത്തകർ തകർന്ന പ്രതിമയ്‌ക്ക് മുന്നിൽ പാർടി പതാക ഉയർത്തിയശേഷം പ്രതിഷേധ പ്രകടനം നടത്തി. പാർടി ജില്ലാ സെക്രട്ടറി ജാമിർ മൊല്ല, സംസ്ഥാന കമ്മിറ്റി അംഗം സോമനാഥ് സിൻഹ, മുതിർന്ന നേതാവ് ബദ്രുദ്ദോജ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു. നോർത്ത് 24 പർഗാനാസിലെ സ്വരൂപ്‌നഗറിൽ വിജയിച്ച തൃണമൂൽ സ്ഥാനാർഥി വീണ മണ്ഡലിന്റെ വീടും കാറും ബിജെപിക്കാർ എറിഞ്ഞു തകർത്തു. സംഘർഷം നിയന്ത്രിക്കാൻ കൊൽക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്ര സേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.










0 comments