സംഘപരിവാർ ഗ്രൂപ്പിന്റെ പരാതിയിൽ ശരവേഗം സർക്കാർ നടപടി; ബുഷറ ബാനോ ഐപിഎസ് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇര

ഡോ. ബുഷറ ബാനോ
കൊൽക്കത്ത: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുമേൽ സംഘപരിവാർ അഴിച്ചുവിടുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഭീഷണിയുടെയും ഒടുവിലത്തെ ഇരയാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ഡോ. ബുഷറ ബാനോ. വർഗീയ തിട്ടൂരത്തിന് മുന്നിൽ ഉടനടി നടപടി സ്വീകരിച്ച്, ഉദ്യോഗസ്ഥയെ വേട്ടയാടുകയാണ് പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ.
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി സ്വന്തം പഠനാനുഭവങ്ങൾ പങ്കുവെച്ച വീഡിയോയിൽ 'അസ്സലാമു അലൈക്കും', 'ഇൻഷാ അള്ളാഹ്' എന്നീ അഭിസംബോധനാ വാചകങ്ങൾ ഉപയോഗിച്ചതിന്റെ പേരിലാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ഡോ. ബുഷറ ബാനോ എന്ന മുസ്ലിം ഉദ്യോഗസ്ഥയെ നേരെ സംഘപരിവാർ കാവിപ്പട ക്രൂരമായ വേട്ടയാടൽ നടത്തുന്നത്.
'ഹിന്ദു ലീഗൽ ഫണ്ട്' എന്ന വലതുപക്ഷ സംഘപരിവാർ ഗ്രൂപ്പ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സർക്കാർ ബുഷറ ബാനോവിനെതിരെ നടപടി സ്വീകരിച്ചത്. പശ്ചിം മേദ്നിപുർ ജില്ലയിലെ ഖരഗ്‌പുർ അഡീഷണൽ എസ്‌പിയായിരുന്ന ബുഷറ ബാനോയെയാണ് എസ്‌എപി ഫോർത്ത് ബറ്റാലിയനിലേക്കാണ് മണിക്കൂറുകൾക്കകം സ്ഥലംമാറ്റിയത്. ഐപിഎസ് ഓഫീസർ വന്ദേമാതരം എന്നോ ജയ് ഹിന്ദ് എന്നോ വിളിച്ചില്ലെന്നാണ് ഹിന്ദു ലീഗൽ ഫണ്ടിന്റെ പരാതിയിൽ പറയുന്നത്.
സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ബുഷറ കഴിഞ്ഞദിവസം വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇൗ വീഡിയോയിൽ, മുസ്ലിംങ്ങൾ സാധാരണ ഉപയോഗിക്കുന്ന അഭിസംബോധനാ വാചകങ്ങൾ ഉൾപ്പെട്ടതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. പിന്നാലെ ബുഷറയുടെ ചിത്രങ്ങൾ ചേർത്തുകൊണ്ട് അധിക്ഷേപ പ്രചാരണവും സൈബർ ആക്രമണവും അഴിച്ചുവിട്ടു. ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തെയും മതേതര മൂല്യങ്ങളെയും പൂർണമായി തള്ളിക്കളഞ്ഞാണ് ബിജെപി രാജ്യത്ത് വർഗീയ വിഷം ചീറ്റുന്നത്.









0 comments