print edition ബംഗാളിൽ ബിജെപിക്കാർ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

ഗോപി
Published on Nov 16, 2026, 12:30 AM | 1 min read
കൊൽക്കത്ത: ഉത്തര 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടിയിൽ ബിജെപിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ബിജെപിയുടെ സജീവപ്രവർത്തകൻ അരൂപ് സാഹയാണ് കൊല്ലപ്പെട്ടത്. പാനിഹാട്ടിയിലെ യുവമോർച്ച പ്രസിഡന്റും സംഘവും പ്രാദേശിക വ്യാപാരിയെ മർദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമാരംഭിച്ചത്. മർദനത്തെ ചോദ്യം ചെയ്ത ബിജെപി മണ്ഡലം സെക്രട്ടറി റൂമ സാഹയെ സ്വന്തം പാർടിക്കാർ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്‌തപ്പോൾ ഇടപെട്ടപ്പോഴാണ് ഭർത്താവ് അരൂപ് സാഹയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.
ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍കൊല
പശ്ചിമ ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലനടത്തി പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ള രത്തൻ ഷെയ്ഖിനെയാണ് ശാന്തിനികേതനിൽ വച്ച് പൊലീസ് വെടിവച്ചുകൊന്നത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ആറുമാസത്തിനിടയിലെ അഞ്ചാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്.
ശാന്തിനികേതനിൽ വച്ച് വെള്ളിയാഴ്ച പൊലീസ് കോൺസ്റ്റബിളിന് നേരെ പ്രതി വെടിയുതിര്‍ത്തെന്നും ഞായറാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാള്‍ കൊല്ലപ്പെട്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഒളിവിലായിരുന്ന രത്തൻ ഷെയ്ഖ്, നവംബർ 13-ന് ശാന്തിനികേതൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലൈക് ബസാറിൽ വച്ച് അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടെ കോൺസ്റ്റബിൾ ബിസ്ജിത് ദാസിന് നേരെ വെടിയുതിർത്തെന്നാണ് പൊലീസ് ഭാഷ്യം. "ആരെങ്കിലും പൊലീസിന് നേരെ വെടിയുതിർത്താൽ, പൊലീസ് അവർക്ക് മധുരപലഹാരം നൽകണോ' എന്നാണ് സംഭവത്തോട് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചത്.








0 comments