ബംഗാളിൽ വ്യാപക അതിക്രമം
print edition സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടു

ചന്ദ്രനാഥ് രത്ത്
കൊൽക്കത്ത: പശ്‌ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജെപി നേതാവായ ചന്ദ്രനാഥ് രത്താണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാന ജില്ലയിലെ മാധ്യമഗ്രാമിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം.
രത്തിന്റെ വാഹനം പിന്തുടർന്നെത്തിയ അക്രമിസംഘമാണ് വെടിയുതിർത്തത്. കാറിന്റെ മുൻസീറ്റിലായിരുന്ന രത്തിന് പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റതായാണ് റിപ്പോർട്ടുകൾ. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിൽ തൃണമൂൽ അക്രമിസംഘമാണെന്ന ആരോപണമുയർന്നു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ശനിയാഴ്‌ച ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി കൊൽക്കത്തയിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവറുൾപ്പെടെ രത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചു.
സുവേന്ദു അധികാരിയും ബിജെപി നേതാക്കളും സംഭവസ്ഥലത്തെത്തി. തൃണമൂലിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ സുവേന്ദുവിന്റെ സന്തതസഹചാരിയാണ് ചന്ദ്രനാഥ് രത്ത്. സുവേന്ദു മുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയുണ്ടായ സംഭവം വലിയ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മമതാ ബാനർജി സുവേന്ദുവിനോട് പരാജയപ്പെടുകയും ബിജെപി അധികാരം പിടിക്കുകയും ചെയ്‌തതിന് പിന്നാലെയുണ്ടായ കൊലപാതകം ബംഗാളിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളെ കൂടുതൽ കലുക്ഷിതമാക്കി. പരാജയം അംഗീകരിക്കാത്ത നിലപാട് മമത സ്വീകരിച്ചതോടെ അനിശ്ചിതത്വത്തിലായ സംസ്ഥാനത്തെ സ്ഥിതിഗതികൾ കൊലപാതകത്തോടെ കൂടുതൽ വഷളാവുകയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിൽ വ്യാപക അതിക്രമമാണ് ബിജെപിയും തൃണമൂലും അഴിച്ചുവിടുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില പാടെ താളം തെറ്റുന്ന രൂപത്തിലേക്ക് സംഘർഷങ്ങൾ വളരുകയാണ്.










0 comments