പിടിച്ച് നിര്‍ത്താനാവാതെ രൂപ, വിലക്കയറ്റം, ഓഹരി വിപണിയും തളര്‍ന്നു,എല്ലാം ഭദ്രമെന്ന് കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുമ്പോൾ പ്രതിരോധ നടപടികൾ ഇല്ലാതെ നിസ്സഹായമായി ഇന്ത്യ. ദുരിത ഫലങ്ങൾ ഫലപ്രദമായി തടയാൻ കഴിയാത്ത് രാജ്യത്തെ ജനങ്ങളെയും നേരിട്ട് ബാധിച്ച് തുടങ്ങി. പാചക വാതക വില കുത്തനെ കൂട്ടിയതിന് പിന്നാലെ വിതരണവും ഭീഷണിയിലായിരിക്കുന്നു. ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിപണിയിലെ ദൗര്‍ലഭ്യത ജനജീവിതത്തെ ബാധിച്ചു തുടങ്ങി.
ട്രംപിന്റെ ഇരട്ട ചുങ്കവും വ്യാപാര കാറിലെ കീഴടങ്ങലും തീര്‍ത്ത അനിശ്ചിതത്വങ്ങൾക്ക് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പ്രതിസന്ധിയും ഉയര്‍ന്നു വരുന്നത്. ഇവയെല്ലാം മുൻകൂട്ടി കാണാവുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗതയോടെ കാത്തിരിക്കയായിരുന്നു.എല്ലാം സ്റ്റോക് ഉണ്ട്,എല്ലാം ഭദ്രമാണ് എന്ന് ആവര്‍ത്തിച്ച് പത്രപ്രസ്താവനകൾ തുടര്‍ന്നു. പാചക വാതകത്തിന് 60 രൂപ വര്‍ധിപ്പിച്ചു. ബുക്കിങ് ഇടവേള ആദ്യം 24 ദിവസമായി വര്‍ധിപ്പിച്ചു. പിന്നാലെ 45 ദിവസമാക്കി ഉയര്‍ത്തി.
ഭക്ഷണ ശാലകളും ഓഫീസുകളും വ്യവസായ ശാലകളും അടച്ചു തുടങ്ങിയിട്ടും സ്റ്റോക്ക് പര്യാപ്തം എന്ന പതിവ് പല്ലവി ആവര്‍ത്തിക്കയാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെയും ചെയ്തത്. ഇപ്പോൾ ഭാരം മുഴുവൻ ജനങ്ങളുടെ ചുമലിൽ കയറ്റുന്ന സാഹചര്യമാണ്. പെട്രോൾ ഡീസൽ വിലവര്‍ധനവും ക്ഷാമവും പിന്നാലെ ഭീഷണിയായി നിൽക്കുന്നു.
വളര്‍ച്ചാ അനുമാനം താഴ്ത്തി
ഇതിനിടെ ഇന്ത്യയുടെ വളര്‍ച്ചാ അനുപാതം താഴേക്ക് പോയതായും റിപ്പോര്‍ട്ടുകൾ വന്നു. ഏപ്രിലിൽ തുടങ്ങുന്ന 2026- 2027സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുപാത അനുമാനം 7.1 ൽ നിന്നും ഏഴ് ആയി കുറച്ചു. റിസര്‍ച്ച് ഏജൻസിയായ നോമുറയുടെയാണ് വിലയിരുത്തൽ.
2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ഇന്ത്യ 7.8% സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതായാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 7.4% ആയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (GDP) 7.6% വളർച്ച കൈവരിക്കുമെന്നും ആണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾ തകരുന്ന കാഴ്ചയാണ്.
രാജ്യത്തന്റെ വളര്‍ച്ചയെയും സ്ഥിരതയാര്‍ന്ന പണപ്പെരുപ്പത്തെയും ഇനിയും പ്രതിസന്ധി ബാധിച്ചേക്കാം എന്നും വിലയിരുത്തുന്നു. ഇന്ത്യയുടെ മൊത്തം വരവും ചെലവും തമ്മിലുള്ള അന്തരത്തിൽ 0.4ശതമാനം വര്‍ധനവ് ഉണ്ടായേക്കാം എന്നും ആശങ്കയുണ്ട്.
തകര്‍ച്ചയിൽ നിരന്തരം റെക്കോർഡിട്ട് രൂപ
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.37-ലേക്ക് കൂപ്പുകുത്തിയിരിക്കയാണ്. ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിന്മാറ്റവുമാണ് ഇപ്പോഴും രൂപയ്ക്ക് തിരിച്ചടിയായത്.
വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12പൈസ ഇടിഞ്ഞു. ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ 92.33എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ, നിമിഷങ്ങൾക്കകം 92.37എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് താഴുകയായിരുന്നു. വ്യാഴാഴ്ച 92.25എന്ന നിലയിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
"ഡോളർ ഇൻഡക്സ് 99.77എന്ന ശക്തമായ നിലവാരത്തിലാണ്. റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രൂപയുടെ മൂല്യം 93.00കടക്കാൻ സാധ്യതയുണ്ട്,"എന്ന് ഫിൻറെക്സ് ട്രഷറി അഡ്വൈസേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ ബൻസാലി വ്യക്തമാക്കി. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.99ശതമാനം വർധിച്ച് ബാരലിന് 96.57ഡോളറിലെത്തി.എണ്ണ വിലയിലെ ഈ വർധനവ് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടും. രണ്ട് തവണ നൂറ് കടന്നിരുന്നു. ഇനിയും അനിശ്ചിതത്വം തുടരുമെന്നാണ് സൂചനകൾ
ഓഹരി വിപണിയിലെ തകർച്ചയും
ആഭ്യന്തര ഓഹരി വിപണികളിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.സെൻസെക്സ് 560.06പോയിന്റ് (0.74%)ഇടിഞ്ഞ് 75,474.36എന്ന നിലയിലെത്തി. നിഫ്റ്റി 184.45പോയിന്റ് (0.78%) താഴ്ന്ന് 23,454.70 എന്ന നിലയിലായി. വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് വ്യാഴാഴ്ച മാത്രം 7,049.87കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇത് രൂപയുടെ മൂല്യത്തെ കൂടുതൽ ദുർബലപ്പെടുത്തി.
പണപ്പെരുപ്പ ഭീഷണി
ഭക്ഷ്യവസ്തുക്കളുടെ വിലവർധനയെത്തുടർന്ന് രാജ്യത്തെ ചില്ലറ വിൽപ്പന അധിഷ്ഠിത പണപ്പെരുപ്പം (Retail Inflation) ജനുവരിയിലെ 2.74ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 3.21ശതമാനമായി ഉയർന്നിരിക്കയാണ്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർധിപ്പിക്കുകയും പണപ്പെരുപ്പം ഇനിയും കൂടാൻ കാരണമാവുകയും ചെയ്യും. നാല് ശതമാനത്തിനും മുകളിൽ എത്താം എന്ന ഗുരുതരമായ ആശങ്കയും പങ്കുവെക്കുന്നു. സമീപകാലത്ത് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ കൈവിട്ട് പോകുന്നത്.










0 comments