പശ്ചിമേഷ്യൻ സംഘർഷം; സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം, മറികടക്കാൻ ആശ്വാസ പാക്കേജ്

(Photo Credit: REUTERS/Anushree Fadnavis/File)
ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ വൈകിയെത്തിയ ആശ്വാസ പാക്കേജുമായി കേന്ദ്ര സർക്കാർ. കയറ്റുമതി - ഇറക്കുമതി മേഖലകൾ സ്തംഭിക്കുകയും എൽപിജി ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീമിന് (ഇസിഎൽജിഎസ്) കീഴിൽ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.
പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയരുന്നതിനിടെ വിമാനക്കമ്പനികൾക്കായി 5,000 കോടി രൂപയുടെ ക്രെഡിറ്റ് സ്‌കീമാണ് പരിഗണനയിലുള്ളത്. ഓരോ കമ്പനിക്കും 1000 കോടി രൂപ വരെ സർക്കാർ ഗ്യാരന്റിയോടെ വായ്പ നൽകും. അഞ്ചുവർഷത്തെ തിരിച്ചടവ് കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇത് നീട്ടിനൽകാനും സാധ്യതയുണ്ട്. ഗൾഫ് യാത്രക്കാരുടെ ആശങ്കകൾക്കും യാത്രാ നിയന്ത്രണങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിന് പകരം കമ്പനികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനാണ് കേന്ദ്രം മുൻഗണന നൽകുന്നത്.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾ ഇന്ത്യയുടെ ഊർജ മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. എണ്ണ ടാങ്കറുകളുടെ സഞ്ചാരം തടസപ്പെടുന്നത് രാജ്യത്ത് ഇന്ധന, പ്രകൃതിവാതക, എൽപിജി ക്ഷാമം രൂക്ഷമാക്കുകയാണ്. മാത്രമല്ല നിലവിലെ ആഗോള പ്രതിസന്ധി ഊർജം, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, നിർമാണ മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കി.
ഓഹരി വിപണിയിലാകട്ടെ വൻ തകർച്ചയാണ് രേഖപ്പെടുത്തുന്നത്. ക്രൂഡ് ഓയിൽ വില വർധിക്കുന്നതിനാൽ ഡോളർ കരുത്താർജിക്കുകയാണ്. ഇത് ഇന്ത്യൻ രൂപയെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് നയിക്കുകയാണ്. വിമാന ഇന്ധനവില ഉയർന്നതോടെ സാധാരണക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ടിക്കറ്റ് നിരക്ക് വർധനയിൽ പൊറുതിമുട്ടുകയാണ്.
2020ൽ കോവിഡ് കാലത്ത് പ്രഖ്യാപിച്ച ഇസിഎൽജിഎസ് പദ്ധതി തന്നെയാണ് ഇപ്പോൾ യുദ്ധത്തിന്റെ പേരിൽ വീണ്ടും അവതരിപ്പിക്കുന്നത്. ജാമ്യമില്ലാത്ത വായ്പകൾ എന്ന പേരിൽ ബാങ്കുകൾ വഴി നൽകുന്ന ഈ സഹായങ്ങൾ ചെറുകിട സംരംഭകർക്ക് എത്രത്തോളം പ്രാപ്യമാകുമെന്ന് കണ്ടറിയണം.
നേരത്തെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ സിബിഐസി ചില നടപടികൾ എടുത്തെങ്കിലും കയറ്റുമതി മേഖലയിലെ പ്രതിസന്ധിക്ക് ഇപ്പോഴും അയവു വന്നിട്ടില്ല. കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോൾ യുദ്ധം വരുത്തിവെച്ച ആഘാതം രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കുകയാണ്.










0 comments