print edition പശ്ചിമേഷ്യൻ സംഘർഷം: 5 ഇന്ത്യക്കാർ മരിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലാകെ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഒമാനിലെ സോഹർ നഗരത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. 10 ഇന്ത്യക്കാർക്ക് പരിക്കുണ്ട്. ഇതിൽ അഞ്ചുപേർ ആശുപത്രിവിട്ടു.
ഹോർമുസ് കടലിടുക്കിൽ ആക്രമണം നേരിട്ട സേഫ്‌സീ വിഷ്‌ണു എന്ന കപ്പലിലെ 15 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവർ നിലവിൽ ഇറാഖിലെ ബസ്രയിലാണ്. യുഎഇ, ഖത്തർ, ഒമാൻ, സൗദി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങളുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്ക് സൗദിയിൽ നിന്നാണ് യാത്രാസൗകര്യം ഒരുക്കുന്നത്. സംഘർഷത്തിൽ ഹോർമുസ് കടലിടുക്കിലെ കപ്പലുകളിലുണ്ടായിരുന്ന മൂന്ന് നാവികർ കൊല്ലപ്പെട്ടതായി തുറമുഖ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാളെ കാണാതായിട്ടുണ്ട്.
ഇറാനിൽ 9000 ഇന്ത്യക്കാര്‍
വിദ്യാര്‍ഥികളടക്കം ഒമ്പതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിൽ നിലവിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ബിസിനസുകാര്‍, ഫാക്ടറി തൊഴിലാളികള്‍, തീര്‍ഥാടകര്‍, കപ്പൽ തൊഴിലാളികള്‍, മീൻപിടിത്തക്കാര്‍ തുടങ്ങിയവരാണ് യുഎസ്, ഇസ്രയേൽ യുദ്ധത്തെ തുടര്‍ന്ന് ഇറാനിൽ കുടുങ്ങിയത്. ഇവര്‍ക്ക് ആവശ്യമായ ജാഗ്രതാനിര്‍ദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് വിദേശകാര്യസഹമന്ത്രി പബിത്ര മാര്‍ഗരീറ്റ രാജ്യസഭയെ അറിയിച്ചു.










0 comments