ബംഗാളിൽ ബിജെപി എംഎൽഎമാരിൽ 74 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണത്തിൽ വൻ വർധന. നിയുക്ത സാമാജികരിൽ 65 ശതമാനം എംഎൽഎമാർക്കും എതിരെ ക്രിമിനിൽ കേസുകളുണ്ട്. ഭരണം പിടിച്ചടക്കിയ ബിജെപിയാണ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ.
ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 206 എംഎൽഎമാരിൽ 152 പേരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇത് പാര്‍ടി എംഎൽഎ മാരുടെ 74 ശതമാനം വരും. ഭരണത്തിൽ നിന്നും പുറത്തായ തൃണമൂൽ കോൺഗ്രസ് തൊട്ടു പിന്നിൽ തന്നെയുണ്ട്. 80 എംഎൽഎമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 34 പേർ ക്രിമിനൽ കേസ് പ്രതികളാണ്. തൃണമൂൽ പ്രതിനിധികളുടെ 43 ശതമാനമാണിത്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട കണക്കുകൾ പ്രകാരം സഭയിലേക്ക് എത്തുന്ന 292 എംഎൽഎമാരിൽ 190 പേരും തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021-ൽ ഇത് 49 ശതമാനമായിരുന്നു. വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ആകെ എം.എൽ.എമാരിൽ 61 ശതമാനം പേരും കോടീശ്വരന്മാരാണ്. അതായത് സഭയിൽ ഇത്തവണ 178 കോടീശ്വരൻമാരായ എംഎൽഎമാര്‍ കാണും. ഈ പ്രതിനിധികളുടെ ശരാശരി ആസ്തി 3.73 കോടി രൂപയാണ്. കഴിഞ്ഞ തവണ ഇത് 2.53 കോടിയായിരുന്നു. കോൺഗ്രസ് എംഎൽഎമാരാണ് ആസ്തിയുടെ കാര്യത്തിൽ മുന്നിൽ. ശരാശരി 17.92 കോടി രൂപയുടെ ആസ്തി. തൊട്ടുപിന്നിൽ ടിഎംസിയാണ് 5.36 കോടി രൂപ. ബിജെപി 2.97 കോടി രൂപയുടെ ആസ്തിയുമായി തൊട്ട് പിന്നിലാണ്.

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരിൽ തന്നെ 58% പേര്‍ വധശ്രമം, കൊലപാതകം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ഇതിൽ 14 പേർക്കെതിരെ കൊലക്കുറ്റവും (IPC 302), 54 പേര്‍ക്കെതിരെ വധശ്രമവും നിലവിലുണ്ട്. 63 ജനപ്രതിനിധികൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിൽ പ്രതികളാണ്. ഇതിൽ രണ്ട് പേർക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്.

വനിതാ മുഖ്യമന്ത്രി ഒന്നര പതിറ്റാണ്ട് ഭരണം നയിച്ച സംസ്ഥാന നിയമസഭയിലെ സ്ത്രീകളുടെ എണ്ണം കുറഞ്ഞു. 292 പേരിൽ 37 പേർ മാത്രമാണ് സ്ത്രീകൾ. വെറും 13 ശതമാനാണിത്. കഴിഞ്ഞ തവണ ഇത് 14 ശതമാനമായിരുന്നു.










0 comments