വഖഫ് ഭേദഗതി ബില്ലിന് ഏകപക്ഷീയമായ അംഗീകാരം: നീക്കം പ്രതിപക്ഷത്തെ പുറത്ത് നിർത്തി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ല് സംയുക്ത പാർലമെന്ററി സമിതി (ജെപിസി ) അംഗീകരിച്ചു. പ്രതിപക്ഷം മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും തള്ളിക്കളഞ്ഞാണ് ബില്ലിന് അംഗീകാരം നൽകിയത്. ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അംഗങ്ങൾ നിർദ്ദേശിച്ച എല്ലാ ഭേദഗതികളും അംഗീകരിക്കുകയും പ്രതിപക്ഷ അംഗങ്ങൾ മുന്നോട്ടുവച്ച എല്ലാ മാറ്റങ്ങളും തള്ളുകയുമായിരുന്നു.
എൻഡിഎ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിച്ചതായി പാർലമെന്ററി പാനലിനെ നയിച്ച ബിജെപി എംപി ജഗദാംബിക പാൽ പറഞ്ഞു. രാജ്യത്തെ മുസ്ലീം ചാരിറ്റബിൾ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന രീതിയിൽ 44 മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ബില്ല്. കഴിഞ്ഞ വർഷം ആഗസ്‌തിൽ സഭയിൽ അവതരിപ്പിച്ച കരട് രേഖയിൽ 14 മാറ്റങ്ങളാണ് വരുത്തിയത്.
10 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബില്ലിന് അംഗീകാരം. കമ്മിറ്റി നടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു നടപടി. കല്യാൺ ബാനർജി, എ രാജ, അസറുദ്ദീൻ ഒവൈസി, നസീർ ഹുസൈൻ, മൊഹമ്മദ് ജാവേദ്, മൊഹീബുള്ള, മൊഹമ്മദ് അബ്‌ദുള്ള, അരവിന്ദ് സാവന്ത്, നദീം ഉൾ ഹഖ്, ഇമ്രാൻ മസൂദ് എന്നിവർക്കായിരുന്നു സസ്‌പെൻഷൻ.
ഭേദഗതി പ്രകാരം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും ജില്ലാ മജിസ്‌ട്രേറ്റുമാരെയും ചില പ്രത്യേക തസ്തികകളിൽ നിയമിക്കും. വഖഫ് ട്രൈബ്യൂണലുകളിലെ അംഗങ്ങളെ രണ്ടിൽ നിന്ന് മൂന്നായി ഉയർത്തും. കരട് റിപ്പോർട്ട് ജനുവരി 28-ന് വിതരണം ചെയ്യുമെന്നും തുടർന്ന് ജനുവരി 29-ന് ഔദ്യോഗികമായി അംഗീകരിക്കുമെന്നും ജെപിസി പ്രഖ്യാപിച്ചു. പ്രതിപക്ഷ എംപിമാർ യോഗത്തിന്റെ നടപടിക്രമങ്ങളെ വിമർശിക്കുകയും ജഗദാംബിക പാൽ ജനാധിപത്യ പ്രക്രിയയെ "തകർത്തു" എന്ന് പറയുകയും ചെയ്‌തു.
"ഇതൊരു പരിഹാസ്യപ്രക്രിയയായിരുന്നു. ഞങ്ങളുടെ വാദം കേട്ടില്ല. ജഗദാംബിക പാൽ സ്വേച്ഛാധിപത്യപരമായ രീതിയിലാണ് പ്രവർത്തിച്ചത്," ടിഎംസി എംപി കല്യാൺ ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2024 ലെ വഖഫ് ഭേദഗതി ബിൽ ആഗസ്ത് 8 ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം പാർലമെന്റ് യോഗത്തില്‍ പറഞ്ഞിരുന്നു. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്നതാണ് പുതിയ ബില്ല്.









0 comments