Deshabhimani

print edition എസ്‌ഐആറിലെ ഗുരുതര പിഴവ് പുറത്ത്: ഇപ്പോൾ വോട്ടർമാർ വർധിക്കുന്നു

SIR
വെബ് ഡെസ്ക്

Published on Nov 14, 2026, 12:48 AM | 1 min read

ന്യൂഡൽഹി: 13 കോടിയിലേറെ വോട്ടർമാരെ വെട്ടിയ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആർ)യ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിയ്ക്കവെ, തെരഞ്ഞെടുപ്പ്‌ കമീഷൻ നടത്തിയ സംക്ഷിപ്‌ത വോട്ടർപട്ടിക പുതുക്കലിൽ (എസ്‌എസ്‌ആർ) വോട്ടർമാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞദിവസം പുറത്തിറക്കിയ കരട്‌ വോട്ടർപട്ടികയിൽ കേരളം ഉൾപ്പടെയുള്ള ഏഴ്‌ സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്മതിദായകരുടെ എണ്ണം ഉയർന്നു. നിർണായക സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായ് നടന്ന എസ്‌ഐആറിൽ ക്രമക്കേടുണ്ടായെന്ന് വെളിപ്പെടുത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ.


എസ്‌ഐആറിന്‌ ശേഷമുള്ള അന്തിമപട്ടികയുമായി താരതമ്യപ്പെടുത്തിയാൽ ഒന്പത്‌ മേഖലകളിൽ 0.1 ശതമാനം മുതൽ മൂന്ന്‌ ശതമാനം വരെയാണ്‌ വർധന. ഗോവയിലാണ്‌ ഏറ്റവും കൂടുതൽ വർധന– മൂന്ന്‌ ശതമാനം. രാജസ്ഥാനിൽ 2.22 ശതമാനം, ബിഹാറിലും തമിഴ്നാട്ടിലും 1.8 ശതമാനം, മണിപ്പുരിൽ 1.7 ശതമാനം, കേരളത്തിലും മധ്യപ്രദേശിലും 1.5 ശതമാനം, പുതുച്ചേരിയിൽ 1.3 ശതമാന, ലക്ഷദ്വീപിൽ 0.1 ശതമാനം എന്നിങ്ങനെയാണ്‌ വർധന. കരട്‌ പട്ടിക പ്രസിദ്ധീകരിച്ച മറ്റ്‌ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും താരതമ്യ കണക്കുകൾ ലഭ്യമായിട്ടില്ല.


എസ്‌ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ യോഗ്യരായ വോട്ടർമാരെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ കഴിഞ്ഞമാസം 15നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവിട്ടത്‌. വോട്ടർപട്ടിക പുതുക്കുന്നതിനായി വർഷംതോറും നടത്തുന്ന പ്രക്രിയയാണ്‌ എസ്‌എസ്‌ആർ. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുക, മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കുക, അർഹതയില്ലാത്തവരെ നീക്കുക, തെറ്റുകൾ തിരുത്തുക തുടങ്ങിയവയാണ്‌ ഇതിലൂടെ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home