ad
Deshabhimani

പഞ്ചാബ്‌ നഗരസഭ തെരഞ്ഞെടുപ്പ്‌

print edition ബാലറ്റിൽ വോട്ട്‌; ബിജെപിക്ക്‌ തിരിച്ചടി

punjab

image: times of india

വെബ് ഡെസ്ക്

Published on May 31, 2026, 12:05 AM | 1 min read

ന്യൂഡൽഹി: ബാലറ്റ്‌ പേപ്പറിൽ വോട്ടെടുപ്പ്‌ നടന്ന പഞ്ചാബിലെ കോർപറേഷൻ–മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കനത്ത പരാജയം. കോൺഗ്രസും നിലംതൊട്ടില്ല. ഇലക്‌ട്രോണിക് വോട്ടിങ്‌ യന്ത്രങ്ങളില്ലാതെ നടന്ന തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർടിക്കാണ്‌ വൻമുന്നേറ്റം.


2027ൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന പഞ്ചാബിലെ വിജയം എഎപിക്ക്‌ വലിയ ആത്മവിശ്വാസം പകരും. രാഘവ്‌ ഛദ്ദയും ക്രിക്കറ്റ്‌ താരം ഹർഭജനുമുൾപ്പെടെ ആറ്‌ രാജ്യസഭാംഗങ്ങൾ ബിജെപിയിലേക്ക്‌ കൂറുമാറിയ ശേഷമുള്ള തെരഞ്ഞെടുപ്പ്‌ എഎപിക്ക്‌ ഏറെ നിർണായകമായിരുന്നു.


ആകെ പോളിങ്‌ നടന്ന 1977 നഗരസഭാ വാർഡുകളിൽ 958 ഇടത്ത്‌ എഎപി ജയിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്‌ 397 വാർഡിലൊതുങ്ങി. 251 വാർഡിൽ സ്വതന്ത്രർ ജയിച്ചു. ശിരോമണി അകാലിദൾ 192ലും ബിജെപി 172ലും ജയിച്ചപ്പോൾ ബിഎസ്‌-പിക്ക്‌ ഏഴ്‌ വാർഡ്‌ കിട്ടി. തെരഞ്ഞെടുപ്പ്‌ നടന്ന 75 മുൻസിപ്പൽ ക‍ൗൺസിലുകളിൽ 40 ഇടത്തും എഎപിക്കാണ്‌ ജയം. കോൺഗ്രസിന്‌ 18 മുനിസിപ്പൽ ക‍ൗൺസിലിൽ ഭൂരിപക്ഷമുണ്ട്‌. അകാലിദളിന്‌ പത്തും ബിജെപിക്ക്‌ നാലും മുനിസിപ്പൽ ക‍ൗൺസിൽ കിട്ടി. മറ്റ്‌ പാർടികൾ മൂന്നിടത്ത്‌ ജയിച്ചു. 20 മുനിസിപ്പൽ കമ്മിറ്റികളിൽ 11 ഇടത്ത്‌ എഎപി ജയിച്ചു. കോൺഗ്രസ്‌ അഞ്ചിലും അകാലിദൾ രണ്ടിലും ബിജെപി ഒന്നിലും വിജയിച്ചു. എട്ട്‌ മുനിസിപ്പൽ കോർപറേഷനുകളിൽ അഞ്ചിടത്ത്‌ എഎപി ജയിച്ചു. കോൺഗ്രസിനും ബിജെപിക്കും ഓരോ കോർപറേഷൻ കിട്ടിയപ്പോൾ ഒന്നിൽ ആർക്കും ഭൂരിപക്ഷമില്ല. പഞ്ചാബിലെ ജനങ്ങൾ എഎപിയ്‌ക്കൊപ്പമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത്‌ മൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home