ad
Deshabhimani

സൈബർ തട്ടിപ്പ്; ഫയർബേസ് അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിളിനോട് കേന്ദ്രം

google
വെബ് ഡെസ്ക്

Published on Aug 21, 2026, 09:55 PM | 1 min read

ന്യൂഡൽഹി : സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന ഗൂഗിളിന്റെ ഫയർബേസ് അക്കൗണ്ടുകൾ പൂട്ടാൻ ​ഗൂ​ഗിളിനോട് കേന്ദ്ര സർക്കാർ. തട്ടിപ്പുകാർ ബാങ്കുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും ആപ്പുകളും ഉണ്ടാക്കി ഉപഭോക്താക്കളിൽനിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നത് കണ്ടെത്തിയതോടെയാണ് നൂറുകണക്കിന് ഫയർബേസ് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ ഗൂഗിളിനോട് കേന്ദ്രം നിർദേശിച്ചത്.


ആ​ഗസ്തിൽ മാത്രം ഫയർബേസിൽ ഹോസ്റ്റ് ചെയ്ത 57 വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഗൂഗിളിന് നിർദേശം നൽകിയതായി സർക്കാർ നോട്ടീസുകൾ വ്യക്തമാക്കുന്നു. ബാങ്കിങ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി തുടങ്ങിയവ മോഷ്ടിക്കുന്നത് ഇവ ഉപയോഗിച്ചാണെന്നാണ് കണ്ടെത്തൽ.


എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ വെബ്സൈറ്റുകളെ അനുകരിച്ചുള്ള വ്യാജ പേജുകളും ഇതിൽ ഉൾപ്പെടുന്നു. 57 സൈറ്റുകളിൽ ഏഴെണ്ണം ബാങ്കുകളുടെ പേരിൽ തയ്യാറാക്കിയ വ്യാജ പേജുകളായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.വ്യാജ ബാങ്കിം​ഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താക്കളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ ഡാറ്റാബേസിലേക്ക് എത്തും. ഇതുവഴി ഫോണിലെ മറ്റ് ആപ്പുകളിലേക്ക് പ്രവേശിക്കാനും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടാനും സാധിക്കുമെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.


സൈബർ സുരക്ഷാ രംഗത്ത് ആൻഡ്രോയിഡ് ഗോഡ് മോഡ് എന്നറിയപ്പെടുന്ന മാൽവെയറാണ് ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്. ബാങ്കിം​ഗ്, സർക്കാർ സേവനങ്ങൾ, യൂട്ടിലിറ്റി സേവനങ്ങൾ എന്നിങ്ങനെയുള്ള പേര് പറഞ്ഞ് ഉപയോക്താക്കളെ വിശ്വസിപ്പിച്ചാണ് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുന്നത്.


കർഷകർക്കുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പിഎം - കിസാൻ പദ്ധതിയുടെ പേരിലും സമാനമായ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഎം - കിസാൻ തുക ലഭിക്കാൻ സഹായിക്കുമെന്ന വ്യാജേന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് വിവരങ്ങൾ ചോർത്തിയത്.


ഫിഷിം​ഗ്, മാൽവെയർ, സാമ്പത്തിക തട്ടിപ്പ് എന്നിവയ്ക്കായി സേവനങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും നിയമനിർവഹണ ഏജൻസികളുമായി സഹകരിച്ച് ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി.


ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കുന്നത്. 2025ൽ ഇന്ത്യയിൽ സൈബർ തട്ടിപ്പിലൂടെ ഏകദേശം 2.4 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home