print edition സെലൻസ്‌കിയെ ക്ഷണിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി
റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിനുപിന്നാലെ ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്‌കിയെ രാജ്യത്തെത്തിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം. ജനുവരിയിൽ സന്ദര്‍ശനം നടത്താൻ കഴിയുംവിധമാണ് ചർച്ച പുരോഗമിക്കുന്നത്. പുടിന്റെ സന്ദർശനത്തിന് മുന്പേ ഉക്രയ്‌നുമായി ചർച്ച തുടങ്ങിയിരുന്നു. 2024ൽ കീവ് സന്ദർശിച്ച മോദി സെലൻസ്‌കിയെ ക്ഷണിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇൗ വർഷം ആഗസ്‌തിലും ക്ഷണം ആവർത്തിച്ചു. രണ്ടുഘട്ടത്തിലും ക്ഷണം സ്വീകരിച്ചതായി ഉക്രയ്‌ൻ സ്ഥിരീകരിച്ചിരുന്നു.
ഇരുരാജ്യങ്ങളുമായി ബന്ധമുള്ള ഇന്ത്യക്ക് ഉക്രയ്‌ൻ പ്രതിസന്ധിയിൽ ഇടപെടൽ നടത്താനാവുമെന്ന് സെലൻസ്‌കി ഒന്നിലേറെ തവണ പറഞ്ഞിരുന്നു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിൽ അമേരിക്കൻ മധ്യസ്ഥതയിലുള്ള സമാധാനകരാറിന്റെ പുരോഗതി അനുസരിച്ച് മാത്രമേ ഇന്ത്യൻ സന്ദർശനത്തിന് സെലൻസ്‌കി സമ്മതം മൂളുവെന്നാണ് റിപ്പോര്‍ട്ട്. ഡോൺബാസ് വിട്ടുനൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് പുടിൻ ഇന്ത്യ സന്ദര്‍ശനത്തിനിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഉക്രയ്നെതിരായ സൈനിക നടപടിയുടെ പേരിൽ റഷ്യയെ അപലപിക്കാൻ ഇന്ത്യ തയ്യാറായിട്ടുമില്ല. 1992, 2002, 2012 വര്‍ഷങ്ങളിൽ ഉക്രയ്‌ൻ പ്രസിഡന്റുമാര്‍ ഇന്ത്യയിലെത്തിയിരുന്നു.










0 comments