ad
Deshabhimani

ഐപിൽഎൽ ഗ്യാലറിയിൽ മന്ത്രി ഗുളിക പൊടിക്കുന്ന വീഡിയോ കുത്തിപ്പൊക്കി, തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം

tblet
വെബ് ഡെസ്ക്

Published on Jun 29, 2026, 03:39 PM | 2 min read

ചെന്നൈ: തമിഴ്‌നാട് മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി ശരത് കുമാർ ഐപിഎൽ മത്സരത്തിനിടെ ഗുളിക പൊടിക്കുന്ന രീതിയിലുള്ള രണ്ട് വർഷം പഴക്കമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ സംസ്ഥാനവ്യാപകമായി ശക്തമായ തെരുവ് പ്രതിഷേധങ്ങളിലേക്ക് കടന്നു.


ചെന്നൈ എഗ്‌മോർ, തിരുനെൽവേലി, വെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഡിഎംകെ പ്രവർത്തകർ വൻ പ്രതിഷേധ മാർച്ചുകൾ നടത്തി. അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ചെന്നൈയിൽ ഇരുപതിലധികം പേരെയും തിരുനെൽവേലിയിൽ 250-ലധികം പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യം, ഡിഎംകെ എംഎൽഎ പി കെ. ശേഖർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നൈയിൽ പ്രതിഷേധം നടന്നത്.


മയക്കുമരുന്നോ എന്ന് ....


മന്ത്രി ശരത് കുമാർ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് വ്യക്തമാക്കാൻ അദ്ദേഹത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സി ജോസഫ് വിജയ് 'ലഹരിവിരുദ്ധ മാരത്തൺ' ഉദ്ഘാടനം ചെയ്ത് തൊട്ടടുത്ത ദിവസമാണ് വിവാദം കത്തുന്നത്.


വിവാദങ്ങൾ ഉയർന്നതോടെ മന്ത്രി ശരത് കുമാറും അദ്ദേഹത്തിന്റെ കുടുംബവും വിശദീകരണവുമായി രംഗത്തെത്തി. "ഇത് രണ്ട് വർഷം മുമ്പ് നടന്ന സംഭവമാണ്. അന്ന് ഞാൻ മന്ത്രിയോ എംഎൽഎയോ ആയിരുന്നില്ല. ഐപിഎൽ മത്സരത്തിനിടെ എന്റെ ചെറിയ മകൾക്ക് അസുഖം വരികയും ഗുളിക കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ, അത് പൊടിച്ച് വെള്ളത്തിൽ കലക്കി നൽകാൻ ശ്രമിച്ച ദൃശ്യങ്ങളാണിത്. ഇതിനെയാണ് സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്." എന്നായിരുന്നു വിശദീകരണം.


ആയിരക്കണക്കിന് ആളുകളും സിസിടിവി ക്യാമറകളുമുള്ള ഒരു സ്റ്റേഡിയത്തിൽ വെച്ച് ആരെങ്കിലും നിയമവിരുദ്ധമായി ലഹരിമരുന്ന് ഉപയോഗിക്കുമോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.


തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ കഴിഞ്ഞ മാസമാണ് ശരത് കുമാർ മന്ത്രിയായി ചുമതലയേറ്റത്. ജൂൺ 26-ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രി ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെയാണ് ഈ വീഡിയോയും പുറത്തുവന്നത്. ചെന്നൈയിലെ പ്രശസ്തമായ എം എ. ചിദംബരം സ്റ്റേഡിയത്തിലാണ് ദൃശ്യം പകര്‍ത്തിയത്.


ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ നേതാക്കളും മന്ത്രിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അദ്ദേഹം മന്ത്രിയല്ലായിരുന്നെങ്കിൽ പോലും, നിലവിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ കൂടുതൽ കുടുതൽ ഉത്തരവാദിത്വം പ്രതിക്ഷിക്കാമെന്ന് അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home