ഭയം ഭരിക്കുന്നു; ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ അധികാരത്തിന്റെ ബുൾഡോസറുകൾ

എം അഖില്‍
Published on Dec 30, 2025, 12:38 AM | 2 min read
മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ ഒരോ വർഷവും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും സ്‌ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചു. 2024 ജൂണിൽ മോദി മൂന്നാമതും അധികാരത്തിലെത്തിയതോടെ ഇത്തരം ആക്രമണങ്ങൾ എല്ലാ പരിധികളും ലംഘിച്ചു. ആസൂത്രിതവും സംഘടിതവുമായ രീതിയിൽ മുസ്ലിങ്ങൾക്കും ക്രൈസ്‌തവർക്കും ദളിതർക്കുമെതിരെ ആക്രമണങ്ങൾ അരങ്ങേറി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസും ജില്ലാഅധികൃതരും അക്രമികൾക്ക് കുട പിടിച്ചു. 2025ലും ഇതേ പ്രവണത തന്നെയാണ് രാജ്യത്തുടനീളം നിലനിന്നത്.
സ്വയംപ്രഖ്യാപിത ഗോരക്ഷകർ ‘പശുക്കടത്ത്’ ആരോപിച്ച് നിരവധി പേരെ നിഷ്‌ഠുരമായി വകവരുത്തി.
‘ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ’ എന്ന് ആക്രോശിച്ച് പല സംസ്ഥാനങ്ങളിലും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ മർദിച്ച് കൊന്നു. മതപരമായ ആഘോഷങ്ങൾ തീവ്രഹിന്ദുത്വശക്തികൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ‘സുവർണാവസര’ങ്ങളാക്കി. പഹൽഗാം ഭീകരാക്രമണമുണ്ടായി 10 ദിവസത്തിനുള്ളിൽ രാജ്യത്ത് മുസ്ലിങ്ങൾക്ക് എതിരെ 64 ആക്രമണങ്ങളുണ്ടായതായി ‘ഇന്ത്യാ ഹേറ്റ് ലാബ്’ റിപ്പോർട്ട് ചെയ്‌തു.
ഭീകരാക്രമണങ്ങളെപോലും ന്യൂനപക്ഷങ്ങൾക്കെതിരായ ധ്രുവീകരണത്തിനുള്ള ആയുധമാക്കിയ സംഘപരിവാർ ശക്തികളുടെ തീവ്ര വിദ്വേഷപ്രചരണങ്ങളായിരുന്നു ഇത്തരം ആക്രമണങ്ങൾക്ക് വഴിമരുന്നിട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരെ തെരുവുകളിലെ കടന്നാക്രമണങ്ങൾക്ക് പുറമേ അവർക്ക് ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കുന്ന നിരവധി നിയമനിർമാണങ്ങളും ബിജെപി സർക്കാരുകൾ പാസാക്കി. വഖഫ് സ്വത്തുക്കൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള വഖഫ് ഭേദഗതി നിയമം ഇൗ വർഷമാണ് പ്രാബല്യത്തിലായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ച് മുസ്ലിങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും തകർക്കുന്നതും പതിവാക്കി.
നിർദയം നാടുകടത്തൽ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷവിഭാഗക്കാരെയും ദളിതരെയും ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് കൂട്ടത്തോടെ നാടുകടത്തുന്നതും പതിവാണ്. മെയ് ഏഴിന് 2000ത്തോളം ‘കുടിയേറ്റക്കാരെ’ ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങിലെ താൽക്കാലിക ക്യാംപുകളിൽ എത്തിച്ച് അതിർത്തികൾ വഴി ബംഗ്ലാദേശിലേക്ക് ‘തിരിച്ച് അയച്ചതായി’ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ബംഗാളി സംസാരിച്ചത് കൊണ്ടുമാത്രം ഒരാളെ ബംഗ്ലാദേശിയെന്ന് സർക്കാരിന് കണക്കാക്കാൻ കഴിയുമോയെന്ന്?’– ആഗസ്‌തിൽ സുപ്രീംകോടതി ആരാഞ്ഞിരുന്നു. ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഒന്പതുമാസം ഗർഭിണിയായ സുനാലി ഖാതൂനെയും എട്ടുവയസ്സുകാരനായ മകനെയും ബംഗാളിലെ ബിർഭൂമിലേക്ക് തിരിച്ചുവരാൻ അനുവദിക്കണമെന്ന് ഡിസംബറിൽ കോടതി ഉത്തരവിട്ടു. ‘അനധികൃതമായി’ അതിർത്തി കടന്നതിന് ബംഗ്ലാദേശിൽ മൂന്നുമാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് സുനാലിക്ക് വീട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്.
വെട്ടിനീക്കാൻ എസ്‌ഐആർ
ബിജെപി സഖ്യത്തെ അധികാരത്തില്‍ എത്തിച്ച നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറില്‍ നടത്തിയ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാപിപ്പിച്ചു. 65 ലക്ഷം വോട്ടര്‍മാരെയാണ് ബിഹാറില്‍ വെട്ടിനീക്കിയത്. വോട്ടര്‍മാരോട് പൗരത്വം തെളിയിക്കാന്‍ നിര്‍ദേശിക്കുന്ന എസ്ഐആര്‍ നടപടിയ്ക്കെതിരെ പ്രതിപക്ഷ ശക്തമായി രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവിടങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലുമാണ് അടുത്തഘട്ടമായി എസ്ഐആര്‍ നടക്കുന്നത്. അമിതജോലിഭാരവും ഭീഷണികളും കാരണം നിരവധി ബിഎൽഒമാർ ജീവനൊടുക്കി. എസ്‌ഐആർ പൂർത്തിയാകുന്പോൾ കോടിക്കണക്കിന് വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകും.











0 comments