വിനേഷ് ഫോഗട്ടിന്റെ ട്രയൽസ് ഉറപ്പാക്കാൻ ഉത്തരവ്


സ്വന്തം ലേഖകൻ
Published on May 23, 2026, 12:24 AM | 1 min read
ന്യൂഡൽഹി: പ്രസവാനന്തരം ഗുസ്‌തിയിലേയ്‌ക്ക് മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് സെലക്‌ഷൻ ട്രയൽസ് നിഷേധിച്ച ഗുസ്‌തി ഫെഡറേഷന്റെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഉടൻ വിദഗ്‌ധ സമിതി രൂപീകരിച്ച് 30നും 31നും ട്രയൽസ് നടത്താൻ കോടതി ഉത്തരവിട്ടു. ഫോഗട്ടിന്റെ ഹർജിയിൽ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഫെഡറേഷൻ ഫോഗട്ടിന് ഷോക്കോസ് നോട്ടീസ് നൽകുകയും ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. നിശബ്‌ദരായിരുന്ന കേന്ദ്രത്തിന്റേത് പിന്തിരിപ്പൻ നടപടിയാണെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. പാരിസ് ഒളിന്പിക്‌സ് ഫൈനലിൽ അധികഭാരത്തെ തുടർന്ന് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തിന് അപമാനം വരുത്തിവെച്ചുവെന്ന നോട്ടീസിലെ വരി കോടതിയെ പ്രകോപിപ്പിച്ചു.
‘നിങ്ങളിങ്ങനെയാണോ രാജ്യത്തെ ഗുസ്‌തിക്കാരോട് പെരുമാറുന്നത്. ഒളിന്പിക്‌സ് ഫൈനലിൽ ദൗർഭാഗ്യം നേരിട്ട ഒരു വനിതയോട് രാജ്യത്തിന് അപമാനം വരുത്തിവെച്ചുവെന്നാണോ നിങ്ങൾ പറയുന്നത്. ഇൗ രാജ്യം മാതൃത്വത്തെ ആഘോഷിക്കുന്നവരാണ്. നിങ്ങൾ അവരോട് പ്രതികാര ബുദ്ധികാട്ടരുത്’ –ബെഞ്ച് മുന്നറിയിപ്പ് നൽകി.
2025, 26ലെ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മാത്രം ട്രയൽസിന് യോഗ്യതയുള്ളുവെന്ന ഗുസ്‌തി ഫെഡറേഷന്റെ പുതിയനയമാണ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് വിലക്കിയത്. പ്രസവാനന്തരം മാനസിക–ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടതിനാൽ ചില മത്സരങ്ങൾ നഷ്‌ടപ്പെട്ടിരുന്നു. പുതിയനയം അവരെ ലക്ഷ്യമിട്ട് മാത്രം നടപ്പാക്കിയതാണോയെന്നും കോടതി ചോദിച്ചു. ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ തെരുവിൽ പോരാട്ടം നയിച്ച ഫോഗട്ടിനെതിരെ ഫെഡറേഷന്റെ വേട്ടയാടൽ തുടരുകയാണ്. നിലവിൽ ഹരിയാനയിലെ എംഎൽഎ കൂടിയാണ് ഫോഗട്ട്.










0 comments