ad
Deshabhimani

കരൂർ ദുരന്തത്തിനുശേഷം പൊതുമധ്യത്തിലെത്തി വിജയ്; ഈറോഡിൽ രാഷ്ട്രീയറാലി

Vijay Erode.jpg
വെബ് ഡെസ്ക്

Published on Dec 18, 2025, 01:50 PM | 1 min read

ഈറോഡ്: രാഷ്ട്രീയത്തിലേക്ക് സജീവ മടക്കത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. കരൂരിൽ സെപ്റ്റംബറിൽ നടന്ന റാലിക്കിടെയുണ്ടായ തിക്കും തിരക്കും ദുരന്തവും സൃഷ്ടിച്ച 81 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ഇന്ന് ഈറോഡിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തത്.


2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള താരത്തിന്റെ 'മീറ്റ് ദി പീപ്പിൾ' പര്യടനത്തിന്റെ ഭാഗമാണ് ഈ റാലി. ഡിഎംകെയെ പരസ്യമായി തന്നെ വിമർശിക്കുന്ന പ്രസംഗമാണ് വിജയ് റാലിയിൽ നടത്തിയത്. ഡിഎംകെയെ 'തിന്മയുടെ ശക്തി' എന്ന് വിശേഷിപ്പിച്ച വിജയ്, തന്റെ പാർട്ടി നന്മയുടെയും വിശുദ്ധിയുടെയും പ്രതീകമാണെന്നും പ്രഖ്യാപിച്ചു.


വരാനിരിക്കുന്ന പോരാട്ടം ഈ രണ്ട് ശക്തികൾ തമ്മിലാണെന്നും വിജയ് പറഞ്ഞു. പെരുന്തുറൈ താലൂക്കിലെ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒരുക്കിയ വേദിയിൽ രാവിലെ 11 മണി മുതൽ 1 മണി വരെയാണ് സമ്മേളനം നടന്നത്.


കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയും കർശന നിയന്ത്രണങ്ങളോടെയുമാണ് ഇത്തവണ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 84 ഓളം ഉപാധികളോടെയാണ് പൊലീസ് സമ്മേളനത്തിന് അനുമതി നൽകിയിരിക്കുന്നത്. 1,000-ലധികം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു.


റാലിയിൽ ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവർ പങ്കെടുക്കരുതെന്ന് പാർട്ടി പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ സമ്മേളന നഗരിയിൽ 60 സിസിടിവി ക്യാമറകളും ആംബുലൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന്റെ സാന്നിധ്യവും സമ്മേളനത്തിന്റെ പ്രാധാന്യമുള്ളതാക്കി.


ടിവികെയുടെ ഉന്നതതല ഭരണസമിതി ചീഫ് കോർഡിനേറ്ററായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. അതേസമയം, കരൂർ സന്ദർശിക്കാതെ വിജയ് മലേഷ്യയിൽ സിനിമാ ഓഡിയോ ലോഞ്ചിന് പോകുന്നു എന്നാരോപിച്ച് ഈറോഡിൽ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home