ad
Deshabhimani

'പെൺകുട്ടികൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമങ്ങൾക്ക് കാരണം'; വിസിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

വി.നാഗരാജ്. Image Credit : TNNLU

വി.നാഗരാജ്. Image Credit : TNNLU

വെബ് ഡെസ്ക്

Published on Apr 18, 2026, 02:22 PM | 1 min read

ചെന്നെെ: തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി. നാഗരാജിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍. പെൺകുട്ടികൾ ഷോട്സ് ധരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനാണെന്നും ഇത് ലൈംഗികാതിക്രമങ്ങളെ ക്ഷണിച്ചുവരുത്തുമെന്നുമായിരുന്നു വിസിയുടെ വിചിത്രമായ വാദം.


മോശം വസ്ത്രധാരണം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ തിരിക്കുമെന്നും സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലാസ് പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്.


എന്നാൽ, കുറ്റം വസ്ത്രത്തിനല്ല മറിച്ച് ചിന്താഗതിക്കാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പരാമർശം പിൻവലിച്ച് വിസി മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. മുൻപ് 2016-ൽ ബംഗളൂരു ലോ സ്കൂളിൽ അധ്യാപകനായിരിക്കെ സമാനമായ പരാമർശം നടത്തിയ നാഗരാജിനെതിരെ വിദ്യാർത്ഥികൾ ഷോട്സ് ധരിച്ചെത്തി പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു.


തന്റെ പഴയ നിലപാടുകളിൽ ഇപ്പോഴും അഭിമാനിക്കുന്നുവെന്ന വിസിയുടെ മറുപടിയാണ് വിദ്യാർത്ഥികളെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തെ ലൈംഗികാതിക്രമങ്ങളുമായി ബന്ധിപ്പിച്ച വൈസ് ചാൻസലറുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.


ഒരു നിയമ സർവകലാശാലയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയിൽ നിന്ന് ഇത്തരം വിവേചനപരമായ പരാമർശങ്ങൾ ഉണ്ടാകുന്നത് ഗൗരവകരമായ വിഷയമാണെന്നാണ് ഉയരുന്ന വിമർശനം. വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ അവകാശമാണെന്നിരിക്കെ, അതിനെ അതിക്രമങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇരയെ കുറ്റപ്പെടുത്തുന്ന രീതിയാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home