ad
Deshabhimani

വേദാന്ത പവർ പ്ലാന്റ് സ്ഫോടനം: ഒരാള്‍ കൂടി മരിച്ചു, മരണം 24 ആയി

vedanta plant
വെബ് ഡെസ്ക്

Published on Apr 19, 2026, 03:52 PM | 1 min read

റായ്‌പൂർ: ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത പവർ പ്ലാന്റിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി ഞായറാഴ്ച രാവിലെ റായ്ഗഡ് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഏപ്രിൽ 14-ന് നടന്ന സ്ഫോടനത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ് ആറ് ദിവസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. പന്ത്രണ്ടോളം തൊഴിലാളികൾ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ചികിത്സയിലായിരുന്ന രണ്ട് തൊഴിലാളികൾ ശനിയാഴ്ച മരിച്ചിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രത കുമാർ ജന, ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്ര സാഹ് എന്നിവരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്. ഇവർക്ക് ശരീരത്തിൽ 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സിംഗിതാരായി ഗ്രാമത്തിലെ പ്ലാന്റിൽ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് അതിമർദ്ദത്തിലുള്ള ആവി എത്തിക്കുന്ന സ്റ്റീൽ പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനം നടന്ന ഉടൻ തന്നെ നാല് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. പിന്നീട് വിവിധ ദിവസങ്ങളിലായി ആശുപത്രികളിൽ വെച്ചാണ് മറ്റുള്ളവർ മരണപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു.


അതേസമയം, അപകടവുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ, പ്ലാന്റ് മേധാവി ദേവേന്ദ്ര പട്ടേൽ എന്നിവരുൾപ്പെടെ എട്ട് മുതൽ പത്ത് വരെ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധ മൂലമുള്ള മരണം, യന്ത്രസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ബോയിലർ ഫർണസിനുള്ളിൽ അമിതമായി ഇന്ധനം അടിഞ്ഞുകൂടിയത് മൂലമുണ്ടായ മർദ്ദമാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക സാങ്കേതിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പ്ലാന്റിൽ പലതവണ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നതായും സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുൻപ് പോലും തകരാർ മൂലം പ്ലാന്റ് താൽക്കാലികമായി അടച്ചിട്ടിരുന്നതായും സൂചനയുണ്ട്. വിവരങ്ങൾ ഫോറൻസിക് ലാബ് സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home